‘നിങ്ങൾ ഡോക്ടർമാർക്ക് ഈ മുഖംമൂടി ഒക്കെ ഇല്ലേ പിന്നെന്ത് പേടിക്കാൻ..? തമാശക്കാണെങ്കിലും ഇങ്ങനൊന്നും പറയല്ലേ’: കണ്ണുനിറച്ച് ഡോക്ടറുടെ കുറിപ്പ്
കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ നമ്മുടെ ആരോഗ്യപ്രവർത്തകർ ചെയ്യുന്ന സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ സാഹചര്യത്തിൽ ഡോക്ടറുമാരും നേഴ്സുമാരും ആശുപത്രി ജീവനക്കാരും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പറയുന്ന ഒരു ഡോക്ടറുടെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഡോക്ടർ അഞ്ജു അരീഷിന്റെ കുറിപ്പ് വായിക്കാം…
PPE kit( Personal Protective Equipment)
ഇന്നലെ നേരിട്ട ഒരു ചോദ്യം..ഓ..”നിങ്ങള് ഡോക്ടർമാർക്കും നഴ്സുമാർക്കും ഈ മുഖംമൂടി ഒക്കെ ഇല്ലേ.?.”പിന്നെന്ത് പേടിക്കാൻ.!! അതിട്ടോണ്ട് ഇരുന്നാൽ പോരെ..?? “സുരാജ് വെഞ്ഞാറമൂട് പറഞ്ഞ പോലെ തമാശക്കാണെങ്കിലും ഇങ്ങനൊന്നും പറയല്ലേ സാറേ/ചേച്ചി.
ഐസോലേഷൻ വാർഡിൽ / ഐസിയുവിൽ ഉള്ള രോഗികളെയോ രോഗം വരാൻ സാധ്യത ഉള്ളവരെയോ പരിശോധിക്കുമ്പോഴാണ് ഈ കുപ്പായം ഇടേണ്ടി വരുന്നത്.
ഒരു PPE കിറ്റിനുള്ളിൽ ഒരു വെള്ള നീളൻ ഉടുപ്പ്, ഒരു സെറ്റ് കാലുറ, കണ്ണട, ഗ്ലൗസ്, മാസ്ക് എന്നിവ ഉണ്ടാകും. മുൻഭാഗത്ത് സിപ്പ് ഉള്ള ഒരു ഒറ്റ ഉടുപ്പ് ആണിത്. നമ്മൾ കൈകൾ കഴുകി വൃത്തിയാക്കി അതിനു ശേഷം ഈ ഉടുപ്പിന്റെ ഉള്ളില്ലേക്കു ഇറങ്ങുക ആണ്..ആദ്യം കാലുകളും, പിന്നെ കൈകളും പിന്നെ തലയും ഉടുപ്പിനകത്ത് ആക്കി ഈ സിപ് ഈടുന്നു. പ്രത്യേകം തയ്യാറാക്കിയ “ഡോണിങ് റൂം” എന്ന മുറിയിൽ വെച്ച് ഇത് ധരിക്കുന്നു. ഇത് ഊരുന്നത് “ഡോഫിങ്” റൂമിൽ വെച്ചും ആണ്.
ഈ പരിപാടി അത്ര സിംപിൾ അല്ലെന്നും എന്നാൽ ഭയങ്കര പവർഫുൾ
ആണെന്നും ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും.
ഇപ്പൊ കണ്ടാൽ “ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ” ന്റെ ലുക്കും ഗമയും ഒക്കെ തോന്നും. പക്ഷേ ഇതിന്റെ അകത്തു കയറിയ ആൾക്ക്
ഒരു ചില്ല് കൂട്ടിൽ കയറിയ പ്രതീതി ആയിരിക്കും. നല്ല സൂപ്പർ ചൂട് ആയിരിക്കും. ആദ്യമൊന്ന് വിയർക്കും.. പിന്നെ വിയർത്തു കൊണ്ടേയിരിക്കും..!!!അതെ..പിന്നെ ശീലമാകും..!!!
ഇനി പണികൾ തുടങ്ങുകയായി. ഡോക്ടർമാർ എല്ലാ രോഗികളെയും പരിശോധിച്ച് ആവശ്യമെങ്കിൽ സ്രവം എടുക്കും..ഇതിനായി കൂടെ ഉള്ള നഴ്സ് ഡോക്ടറിനെ സഹായിക്കും.
സ്രവം എടുത്തു രോഗിയുടെ വിവരങ്ങൾ അടങ്ങിയ ഫോം പൂരിപ്പിയ്ക്കുക ആണ് അടുത്തത്..”ഒന്നും പേടിക്കാനില്ല. ഞങ്ങൾ കൂടെയുണ്ട്’ എന്നും അവരെ ആശ്വസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. കാരണം ഒരു മുറിയിൽ അവർ ഒറ്റക്കാണ്. അവരുടെ വിഷമം പറയാനും കേൾക്കാനും അവർക്ക് നമ്മൾ മാത്രമേ ഉള്ളൂ. കൂട്ടിരിപ്പുകാർ അനുവദനീയമല്ല.
ഈ രോഗികൾക്ക് ഭക്ഷണം കൊണ്ട് കൊടുക്കുന്നത്, അവരുടെ ബന്ധുക്കൾ ഏൽപിച്ച സാധനങ്ങൾ കൊണ്ട് കൊടുക്കുന്നത് എല്ലാം ഇവിടെ ഡ്യൂട്ടി ഉള്ള നഴ്സ് അല്ലെങ്കിൽ നഴ്സിംഗ് അസിസ്റ്റന്റ്മാർ ആണ്. അവരുടെ രക്തം പരിശോധനക്ക് എടുക്കുക, BP നോക്കുക എല്ലാം ഈ നഴ്സ്മാരാണ്. കൂടാതെ ക്ലീനിംഗ് സ്റ്റാഫും ഈ വാർഡിൽ ഉണ്ടാകും. ഇവർക്ക് എല്ലാർക്കും തന്നെ ഈ “ഉടുപ്പിടൽ” പരിപാടി
നിർബന്ധം ആണ്.
ഈ ഉടുപ്പിന് അകത്തിറങ്ങി കുറച്ചു കഴിയുമ്പോൾ ഒരു അടച്ച മുറിക്കുള്ളിൽ ആയതു പോലെ തോന്നും. പിന്നെ ചെറുതായി ചൂട് അറിയാൻ തുടങ്ങും. പിന്നെ വിയർക്കും. നമ്മുടെ ഡ്രസ്സ് ഒക്കെ ദേഹത്ത് ഒട്ടിപ്പിടിക്കാൻ തുടങ്ങും..
വിയർപ്പ് കണങ്ങൾ മുഖത്തും നെറ്റിയിലും ഉരുണ്ടു കൂടി. കണ്ണിന് മുകളിലൂടെ ഒഴുകാൻ തുടങ്ങും. മാസ്ക് വെച്ചിരിക്കുന്ന മൂക്കിനും വായ്ക്കും ചുറ്റിലും വിയർക്കും. ശ്വാസം കിട്ടാത്ത പോലെ തോന്നും. അങ്ങനെ കുറേ വിയർത്തു കുളിച്ചു മണിക്കൂറുകൾ പണി എടുക്കേണ്ടി വരും.
ചിലർ പറഞ്ഞത് ഇങ്ങനെ..” ഈ മാസ്ക് ഒട്ടിപ്പിടിച്ചിരിക്കുന്ന മൂക്ക്, കവിൾ, ചെവി, കാലിന്റെ പാദം ഓക്കെ വിയർത്തു
കഴിയുമ്പോൾ ചൊറിയാൻ തുടങ്ങും..ഇതൊക്കെ പറിച്ചു കളയാൻ തോന്നും. തൊണ്ട വരളും..കുറച്ചു ദാഹജലം തരൂ തരൂ എന്ന് നമ്മുടെ ശരീരം നമ്മളോട് പറഞ്ഞു കൊണ്ടേയിരിക്കും….
കുറേയധികം വെള്ളം കുടിച്ചാൽ ബാത്റൂമിൽ പോകാൻ തോന്നും..
ആ പരിപാടിക്ക് ഈ ഉടുപ്പ് ഊരീ മാറ്റേണ്ടി വരും. പക്ഷേ അങ്ങനെ കുറേ പ്രാവശ്യം ഉപയോഗിക്കാൻ മാത്രം PPE കിറ്റ് നമുക്ക് ലഭ്യമല്ല. ഉള്ളത് വളരെ സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അത് കൊണ്ട് പല സ്റ്റാഫും ഡ്യൂട്ടി സമയത്തു ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കും.
ഐസിയുവിൽ ഡ്യൂട്ടി ഉള്ള വർക്ക് മുഴുവൻ ഡ്യൂട്ടി സമയവും ഈ ഉടുപ്പ് ഇട്ടു നിൽക്കേണ്ടി വരും. തീരെ അവശരായ അല്ലെങ്കിൽ പ്രായമായ രോഗികൾക്ക് ഭക്ഷണവും മരുന്നും കൊടുക്കുമ്പോൾ അവരോട് അടുത്ത് ഇടപഴകേണ്ടി വരും. തങ്ങൾക്കും അസുഖം വരാൻ സാധ്യത ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ നഴ്സുമാർ ഇതൊക്കെ ചെയ്യുന്നത്.
ഈ മഹാമാരിയെ നേരിടാൻ ഇപ്പൊ സജ്ജമാക്കിയത് സർക്കാർ
ആശുപത്രികൾ ആയിരുന്നതിനാൽ, വലിയ സാമ്പത്തിക ചുറ്റുപാടുകളിൽ ഉളളവർക്കു പോലും… അവരുടെ ജീവിതത്തിൽ
ആദ്യമായി ഈ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഒരു വലിയ ശതമാനംപേരും സഹകരിച്ചു….
എന്നാല് ചിലർ പുച്ഛിച്ചു, അപഹസിച്ചു.. സ്വബ് റിസൾട്ട് വൈകിയത് കൊണ്ട് സ്റ്റാഫിനോടു ദേഷ്യപെട്ടു..”ഞാൻ ഐസോലേഷൻ ഒന്നും ഇരിക്കില്ല. ഞാൻ ഇവിടുന്ന് ചാടി പോകും..അപ്പോ നിങ്ങളുടെ ജോലിയും പോകുമെന്ന് ഭീഷണിപ്പെടുത്തി.”
ശരിയാണ് ചില കുറവുകൾ ഉണ്ടാകും..പക്ഷേ നിങ്ങൾക്ക് ലഭിച്ചത്
ഇവിടെ ഉള്ളതിൽ ഏറ്റവും വലിയ സൗകര്യങ്ങൾ ആയിരുന്നു എന്ന്
മനസ്സിലാക്കുക…
ഒരു പ്രഷർ കുക്കറിന് അകത്തു കയറി പുകഞ്ഞു പുകഞ്ഞു ശ്വാസം കിട്ടാത്ത പോലെ മൂന്നും നാലും മണിക്കൂർ ഇരിക്കുന്ന
ഈ ആരോഗ്യ പ്രവർത്തകരോട് ദേഷ്യപെടുന്ന.. ഇവരെ അപഹസിക്കുന്ന…ഇവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്ത… ഇമ്മാതിരി രോഗികളെയും അവർ പൊന്നു പോലെ നോക്കി….
ക്ഷമിച്ചു….സഹിച്ചു.
പക്ഷെ.. ഈ പരിഹാസം, പുച്ഛം ഇതൊന്നും ഞങ്ങളെ ബാധിക്കാൻ പോകുന്നേയില്ലാ!!!!കാരണം. റിസൾട്ട് പ്രതീക്ഷിച്ചിരുന്ന ഓരോ രോഗിയോടും നിങ്ങളുടെ റിസൾട്ട് നെഗറ്റീവ് ആണെന്ന് പറയുമ്പോൾ അവരുടെ കണ്ണിൽ തെളിയുന്ന സ്നേഹം, നന്ദി, പ്രാർത്ഥന, പ്രോത്സാഹനം.. ഇതൊക്കെ മതി. ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ.!!!
ഇനി..കൊറോണയെ പുല്ലുവില കൽപ്പിക്കുന്നവർ. പോലീസിനോട് തട്ടിക്കയറുന്നവർ, ഹെൽത്ത് ഇൻസ്പെക്ടർമാരെ തല്ലാനും ചീത്ത പറയാനും ഇറങ്ങുന്നവർ, ക്വാറന്റീൻ ലംഘിക്കുന്നവർ, കൂട്ടംകൂടുന്നവർ ഇവരോട് പറയാൻ ഒന്നേ ഉള്ളൂ..”എന്നെങ്കിലും ഈ PPE ഉടുപ്പിട്ട് ഒരു മണിക്കൂർ നിൽക്കാൻ ഒരു അവസരം ലഭിച്ചാൽ ഒരിക്കലും അത് തളളിക്കളയരുത്…* ആ സൂപ്പർ കൂൾ സുഖം അനുഭവിച്ചു തന്നെ അറിയണം…*
പക്ഷേ അങ്ങനെ വേസ്റ്റ് ആക്കാൻ നമുക്ക് കിറ്റ് ഇല്ലാതെ പോയി…!