ലോക്ക് ഡൗണില്‍ കാരംസ് ബോര്‍ഡുമായി ഓട്ടം, വിടാതെ പിന്‍തുടര്‍ന്ന് പൊലീസിന്റെ ഡ്രോണ്‍: ചിരി വീഡിയോ

April 17, 2020

കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. ആളുകള്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയണം എന്നാണ് സംസ്ഥാന സര്‍ക്കാരുകളും ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധിപ്പേര്‍ ലോക്ക് ഡൗണിനോട് സഹകരിച്ച് വീട്ടില്‍ തന്നെ തുടരുമ്പോഴും ചിലരുണ്ട് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പൊതു ഇടങ്ങളില്‍ വിലസുന്നവര്‍.

കനത്ത ജാഗ്രതയാണ് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണിനോട് അനുബന്ധിച്ച് തുടരുന്നത്. സര്‍വ്വ സന്നഹാവുമായി പൊലീസ് ഉദ്യോഗസ്ഥര്‍ നിരത്തുകളിലുണ്ട്, അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരെ വീട്ടിനുള്ളില്‍ കയറ്റാന്‍. സ്വന്തം ആരോഗ്യം പോലും മറന്ന് പൊതുജനങ്ങള്‍ക്കായി സേവനം ചെയ്യുമ്പോഴും പൊലീസിന്റെ കണ്ണുവെട്ടിച്ച് പൊതുഇടങ്ങളില്‍ പലരും ഇറങ്ങുന്നു. ഇത്തരക്കാരെ പിടികൂടാനാണ് ഡ്രോണിന്റെ സഹായം പൊലീസ് തേടിയത്. കൊവിഡ് കാലത്ത് കേരളാ പൊലീസ് പങ്കുവെച്ച ഡ്രോണ്‍ കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നിന്നുള്ള ഡ്രോണ്‍ കാഴ്ചകളാണ് ചിരി നിറയ്ക്കുന്നത്.

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. കാരംസ് കളിക്കാന്‍ യുവാക്കള്‍ ഒത്തുകൂടിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡ്രോണ്‍ വഴി അന്വേഷണം നടത്തുകയായിരുന്നു പൊലീസ്. ഡ്രോണില്‍ പതിഞ്ഞതാകട്ടെ ചിരി നിറയ്ക്കുന്ന ദൃശ്യങ്ങളും.

ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് കാരംസ് കളിക്കുകയായിരുന്നു യുവാക്കള്‍. ഡ്രോണ്‍ കണ്ടപ്പോള്‍ ഇവര്‍ പലവഴി ഓടിത്തുടങ്ങി. ഇതിനിടെയില്‍ ഒരാള്‍ മടങ്ങിവന്ന് കാരംസ് ബോര്‍ഡും തലയില്‍ വെച്ച് വീണ്ടും ഓടി. കാരംസ് ബോര്‍ഡുമായി ഓടിയ ആളെ പിന്തുടരുകയായിരുന്നു പൊലീസ്. ഒടുവില്‍ ബോര്‍ഡ് നിലത്തിട്ട ശേഷം ഇയാള്‍ ഓട്ടം തുടരുന്നതും വീഡിയോയില്‍ കാണാം.