‘എന്നെ ഞെട്ടിച്ചു കൊണ്ട് എണ്ണൂറിൽ പരം കഥകളാണ് വന്നത്’- ജൂഡ് ആന്റണിയുടെ ലോക്ക് ഡൗൺ കഥകൾ കൊണ്ട് നിറച്ച് സിനിമ പ്രേമികൾ
ലോക്ക് ഡൗൺ സമയത്ത് ആളുകളെ വിവിധ കാര്യങ്ങളിൽ സജീവമാക്കുന്നതിനുള്ള ഒട്ടേറെ പ്രവർത്തനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. അതിനൊപ്പമായിരിന്നു സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്, കഥയെഴുതിയയക്കാൻ സിനിമ പ്രേമികളോട് ആവശ്യപ്പെട്ടത്.
നല്ല കഥകളുണ്ടെങ്കിൽ സിനിമയാക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ 800ൽ പരം കഥകളാണ് തനിക്ക് ലഭിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ജൂഡ് ആന്റണി ജോസഫ്.
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ലോക്ക് ഡൗൺ തുടങ്ങിയ സമയത്തു നിങ്ങളുടെയും എന്റെയും ബോറടി മാറ്റാൻ കഥകൾ അയക്കാൻ പറഞ്ഞു കൊണ്ട് ഞാൻ ഇട്ട പോസ്റ്റിന്റെ അപ്ഡേറ്റ്സ്. എന്നെ ഞെട്ടിച്ചു കൊണ്ട് എണ്ണൂറിൽ പരം കഥകളാണ് വന്നത്. ഇത് ടൈപ്പ് ചെയ്യുമ്പോൾ നൂറ്റി അറുപതു കഥകളാണ് ഇനി വായിക്കാനുള്ളത്. വായിച്ചതിൽ ഏതാണ്ട് എല്ലാത്തിനും പറ്റുന്ന തരത്തിൽ മറുപടി കൊടുത്തിട്ടുണ്ട് . വളരെയധികം ഇഷ്ടപ്പെടുന്ന കഥകൾ മാത്രമേ സിനിമയക്കാവൂ എന്നൊരു ധാരണ (ചിലപ്പോൾ തെറ്റായിരിക്കാം) മനസിൽ കിടക്കുന്നതിനാൽ വിരലിൽ എണ്ണാവുന്ന കഥകൾക്ക് മാത്രമേ പച്ചക്കൊടി കാണിച്ചിട്ടുള്ളു . ഈ ലോക്ക് ഡൗൺ ഇത്രയും മനോഹരമാക്കി തന്ന എല്ലാ സിനിമ പ്രേമികളോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ബാക്കി കഥകൾ വായിച്ചു തീരുമ്പോഴേക്കും ലോക്ക് ഡൗൺ കഴിയുമെന്നും എനിക്കിഷ്ടപ്പെട്ട കഥകൾ ഉടനെ സിനിമയായി കാണാമെന്നുമുള്ള പ്രതീക്ഷയിലാണ്.