‘ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു’- മമ്മൂട്ടി

April 26, 2020

രവി വള്ളത്തോളിന്റെ മരണം സിനിമ ലോകത്ത് നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. കാരണം ഒട്ടേറെ മുൻനിര താരങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ആളാണ് രവി വള്ളത്തോൾ. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.

മമ്മൂട്ടിയുടെ കുറിപ്പ്

രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് രവി വള്ളത്തോൾ മരണപ്പെട്ടത്. സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തുള്ളവർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.