സാമൂഹിക അകലം പാലിച്ച് ‘ഒരു മീറ്റർ തൊപ്പി’ അണിഞ്ഞ് കുട്ടികൾ- ശ്രദ്ധേയമായ ആശയവുമായി ചൈനയിലെ സ്കൂൾ
ചൈനയിൽ കൊവിഡ് ഭീതി അകന്ന് ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പൊതുഗതാഗത സ്ഥാപനങ്ങളുമെല്ലാം സജീവമായി തുടങ്ങുന്നു. സ്കൂളുകളും പ്രവർത്തിച്ചുതുടങ്ങി. എന്നാൽ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. മുതിർന്നവർ അല്പം കരുതലോടെ പ്രവർത്തിച്ചാലും കുട്ടികളിൽ അത്രയും ശ്രദ്ധ ഉണ്ടാകില്ല.
അവർ ഇരിപ്പിടങ്ങളിലും മറ്റുമൊക്കെ ഒന്നിച്ച് അടുത്തിരിക്കുകയും ഇടപെടുകയും ചെയ്യും. ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഹാങ്സുവിൽ ഒരു പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകർ വ്യത്യസ്തമായൊരു മാർഗം ആണ് സ്വീകരിച്ചത്.
സ്കൂൾ ആരംഭിക്കുന്നതിന് മുന്നോടിയായി കുട്ടികൾക്ക് അധ്യാപകർ ഒരു പ്രോജക്ട് നൽകി. ഇരുവശത്തേക്കും ഒരു മീറ്റർ നീണ്ടുനിൽക്കുന്ന ഒരു തൊപ്പി നിർമിച്ച് സ്കൂളിന്റെ ആദ്യ ദിവസം തന്നെ ധരിക്കാനും ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കുന്നതിനായാണ് അധ്യാപകർ ഇത്തരത്തിൽ ഒരു നിർദേശം നൽകിയത്. സമൂഹ മാധ്യമങ്ങളിൽ ഈ ഒരുമീറ്റർ തൊപ്പി ശ്രദ്ധേയമാകുകയാണ്.