‘എപ്പോഴെങ്കിലും നിങ്ങൾ ഈ പോലീസുകാരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരുടെ ജീവനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?’- ശ്രദ്ധേയമായി റോഷൻ ആൻഡ്രൂസിന്റെ വാക്കുകൾ

കൊവിഡ് ഭീതിയിലും യാതൊരു വീഴ്ചയും വരുത്താതെ രാപകലില്ലാതെ ജനങ്ങൾക്കായി പ്രവർത്തിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ. വളരെ കരുതലോടെയാണ് അവർ സാഹചര്യങ്ങൾ വിലയിരുത്തുന്നതും സമീപിക്കുന്നതും. അതുകൊണ്ട് തന്നെ പോലീസ് ഉദ്യോഗസ്ഥർ പ്രത്യേക ആദരം അർഹിക്കുന്നുണ്ടെന്ന് പറയുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്.
റോഷൻ ആൻഡ്രൂസിന്റെ കുറിപ്പ്;
‘എല്ലാ മേഖലകളിലെയും നിസ്വാർത്ഥരായ മനുഷ്യർ അക്ഷീണം പൊരുതുകയാണ് ഈ മഹാമാരിക്കെതിരെ. വേനൽച്ചൂടിനെ വകവയ്ക്കാതെ ജോലി ചെയ്യുന്ന പോലീസുകാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇന്നവർ ഈ വെയിലിൽ നിന്ന് ആളുകളോട് പറയുന്നു, നിങ്ങൾ അനാവശ്യമായി പുറത്തിറങ്ങാതെ വീട്ടിൽ പോകു എന്ന്..എപ്പോഴെങ്കിലും നിങ്ങൾ ഈ പോലീസുകാരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരുടെ ജീവനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഡ്യൂട്ടിക്ക് ഇറങ്ങുന്ന പോലീസുകാരനോട് പോകല്ലേ… കൊറോണയാണെന്ന് വാവിട്ട് കരഞ്ഞ് പറയുന്ന കുഞ്ഞുമകളുടെ വീഡിയോ കണ്ടിരുന്നു. ആ അച്ഛന് തന്റെ ഉത്തരവാദിത്വം നിറവേറ്റിയെ മതിയാവൂ.ഇങ്ങനെയാണ് ഓരോ പോലീസുകാരനും ഈ ദിവസങ്ങളിൽ നമുക്കായി ജോലി ചെയ്യുന്നത്. വീടിന്റെ സുരക്ഷിതത്വത്തിൽ ഇരിക്കുന്ന എനിക്ക് നിങ്ങൾ മുഴുവൻ പോലീസുകാർക്കും നൽകാനുള്ളത് സ്നേഹത്തിന്റെ, ആദരവിന്റെ സല്യൂട്ട് മാത്രം’ റോഷൻ ആൻഡ്രൂസ് കുറിക്കുന്നു.