‘എന്റെ കൈകൾ രണ്ടും സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ മറ്റൊന്നിനും സമയമില്ല’- മക്കൾക്കൊപ്പമുള്ള ചിത്രവുമായി സംവൃത സുനിൽ

April 15, 2020

ലോക്ക് ഡൗൺ ദിനങ്ങളിലും തനിക്ക് മറ്റൊന്നിനും സമയമില്ല എന്ന് പറയുകയാണ് നടി സംവൃത സുനിൽ. കാരണം അടുത്തിടെയാണ് സംവൃതക്ക് രണ്ടാമത്തെ കുഞ്ഞു പിറന്നത്. തന്റെ കൈകൾ രണ്ടും സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ മറ്റൊന്നിനും സമയമില്ല എന്നാണ് സംവൃത പറയുന്നത്.

രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രം ആദ്യമായി പങ്കുവയ്ക്കുകയും ചെയ്തു നടി. ലോക്ക് ഡൗൺ ദിനങ്ങളിൽ യു എസിലാണ് സംവൃത. കൊവിഡ് ശക്തമായി ബാധിച്ച രാജ്യമാണെങ്കിലും ഇതുവരെ തനിക്കും കുടുംബത്തിനും പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും സുരക്ഷിതരാണെന്നും സംവൃത പറയുന്നു.

‘ഈ വിഷമകരമായ സമയം എന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിച്ചതിന് നന്ദി. ഞങ്ങൾ സുരക്ഷിതരാണോ എന്ന് എന്നോട് ചോദിച്ച എല്ലാവരോടും, അതെ ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണ്. കാര്യങ്ങൾ ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു’ – സംവൃത കുറിക്കുന്നു.