വഴക്ക് ഒഴിവാക്കാന്‍ നായകളെ അനുകരിക്കുന്ന കുതിരകള്‍; കണ്ടെത്തലുമായി ഗവേഷകര്‍
മനുഷ്യര്‍ മാത്രമല്ല ഓരോ ജീവജാലങ്ങളും ഭൂമിയുടെ അവകാശികള്‍ തന്നെയാണ്. പലപ്പോഴും ഗവേഷകരുടെ പഠനങ്ങള്‍ക്ക് വിഷയമാകാറുണ്ട് ഭൂമിയിലെ പല ജീവജാലങ്ങളും. ചില കണ്ടെത്തലുകള്‍ ശാസ്ത്രലോകത്ത് കൗതുകം നിറയ്ക്കാറുമുണ്ട്. അത്തരമൊരു കണ്ടെത്തലുണ്ട് നായകളെക്കുറിച്ചും കുതിരകളെക്കുറിച്ചും. കുതിരകള്‍ നായകളെ അനുകരിക്കാറുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. ജീവികള്‍ തമ്മില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവയുടെ പെരുമാറ്റം എങ്ങനെയാണെന്നുള്ള പഠനത്തിലാണ് ഗവേഷകര്‍ക്ക് കുതിരകള്‍ നായകളെ അനുകരിക്കാറുണ്ടെന്ന് കണ്ടെത്താനായത്. ചില നേരങ്ങളില്‍ നായകളും കുതിരകളെ അനുകരിക്കുന്നു.
പിസാ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന നേരങ്ങളില്‍ നായയുടേയും കുതിരയുടേയും പെരുമാറ്റങ്ങള്‍ പഠന വിധേയമാക്കുകയായിരുന്നു ഗവേഷകര്‍. ഇതിന്റെ ഭാഗമായി ഇരു മൃഗങ്ങളും ഒരുമിച്ച് സമയം പങ്കിടുന്ന ഇരുപതോളം ദൃശ്യങ്ങളാണ് പഠനത്തിനായി വിനോയഗിച്ചത്. നായകളും കുതിരകളും പരസ്പരം ചലനങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതായി കണ്ടെത്തി.
രണ്ട് വിഭാഗത്തില്‍പ്പെട്ട ജീവികള്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നിരുപദ്രവകരമായ രീതിയില്‍ പരസ്പരം വഴക്കിടാറുണ്ട്. ഇതിനിടെയാണ് കുതിരകള്‍ നായകളെ അനുകരിക്കുന്നത്. കളികള്‍ക്കിടയില്‍ വഴക്ക് ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ഇത്തരത്തില്‍ കുതിരകള്‍ നായകളെ അനുകരിക്കുന്നത് എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വ്യത്യസ്ത ഇനത്തില്‍പ്പെട്ട ജീവികള്‍ക്ക് ആശയവിനിമയം നടത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ബിഹേവിയറല്‍ പ്രോസസ് എന്ന ജേര്‍ണലിലാണ് ഈ കണ്ടെത്തലുകള്‍ പങ്കുവെച്ചത്.