‘സാരമില്ല,നമുക്ക് ഇപ്പോൾ തന്നെ എടുക്കാം’- കാലിനു പറ്റിയ പരിക്ക് വകവയ്ക്കാതെ ഷൂട്ടിംഗ് പൂർത്തിയാക്കിയ പൃഥ്വിരാജിന്റെ സമർപ്പണത്തെ കുറിച്ച് നിർമാതാവ് രഞ്ജിത്ത്
ഏത് കഥാപാത്രത്തോടും അങ്ങേയറ്റം നീതി പുലർത്തുന്ന നടനാണ് പൃഥ്വിരാജ്. തുടക്കം മുതൽ തന്നെ പ്രായത്തിനേക്കാൾ കവിഞ്ഞ പക്വതയുള്ള കഥാപാത്രങ്ങളും വെല്ലുവിളി നിറഞ്ഞ വേഷങ്ങളുമെല്ലാം വളരെ പൂർണതയോടെ അവതരിപ്പിച്ചിരുന്ന പൃഥ്വിരാജിന്റെ സമർപ്പണത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് നിർമാതാവ് രജപുത്ര രഞ്ജിത്ത്.
‘മേക്കപ്പ്മാൻ’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലായിരിന്നു പൃഥ്വിരാജ് എത്തിയത്. ഷീല കൗറിനൊപ്പം നൃത്ത രംഗങ്ങളിലും പൃഥ്വിരാജ് അഭിനയിച്ചിരുന്നു. നൃത്തരംഗം ചിത്രീകരിക്കുന്നതിനിടയിൽ ഉയരത്തിൽ നിന്നും വീണ് പൃഥ്വിരാജിന്റെ കാലിന് പരിക്ക് പറ്റി. പക്ഷെ കാലിന്റെ പരിക്ക് വകവയ്ക്കാതെ ഷൂട്ടിങ് മുന്നോട്ട് കൊണ്ടുപോകാനാണ് പൃഥ്വിരാജ് ആവശ്യപ്പെട്ടതെന്ന് രഞ്ജിത്ത് പറയുന്നു.
രഞ്ജിത്തിന്റെ വാക്കുകൾ; ‘എനിക്ക് ഒരിക്കലൂം മറക്കാനാകാത്ത അനുഭവമായിരുന്നു അത്. ആ സിനിമയുടെ അവസാന ഭാഗങ്ങളും ഒരു പാട്ടുസീനും ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. രാത്രിയിലാണ് ഷൂട്ടിംഗ്. റാമോജിറാവു ഫിലിം സിറ്റിയുടെ മുന്നിലൊരു ഫൗണ്ടൻ ഉണ്ട്. വളരെ ഇങ്ങെത്തി കുറഞ്ഞ ഏരിയ ആണ്. അവിടെ ഡാൻസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ രാജു താഴെ വീണു. കാൽ ഒട്ടും അനക്കാൻ കഴിയാത്ത രീതിയിൽ കിടക്കുകയായിരുന്നു. ഇന്നിനി ഷൂട്ട് ചെയ്യേണ്ട എന്ന് പറഞ്ഞിട്ടും രാജു സമ്മതിച്ചില്ല.
ഒരു കാരണവശാലും നാളെ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞെന്നു വരില്ല. ചിലപ്പോൾ കുറച്ച് ദിവസത്തേക്ക് തന്നെ അഭിനയിക്കാൻ കഴിഞ്ഞെന്നു വരില്ല. കാല് റെഡിയാകാൻ സമയമെടുക്കും. സാരമില്ല,നമുക്ക് ഇപ്പോൾ തന്നെ എടുക്കാം. അങ്ങനെ പൂർത്തിയാക്കിയ രംഗമാണിത്.
പിറ്റേദിവസം കാലിനു നീരുമുണ്ടായിരുന്നു, കുറച്ച് ദിവസത്തേക്ക് കാലനാക്കാനും സാധിക്കുമായിരുന്നില്ല. ചെറിയ കാര്യങ്ങൾ പോലും ഒരു സിനിമക്ക് എത്രത്തോളം നഷ്ടം വരുത്തുമെന്ന് അറിയാവുന്ന വ്യക്തിയാണ് പൃഥ്വിരാജ്. സെൻസുള്ള, സ്നേഹമുള്ള ചെറുപ്പക്കാരൻ. നിർമാതാവിനോട് അത്രയും നീതി പുലർത്തുന്ന നടൻ. ചെറുപ്പക്കാർ കണ്ടുപഠിക്കണം. നിഷേധിയാണ്, മുൻകോപിയാണ് എന്നൊക്കെ പലരും പറയുമെങ്കിലും, ഞാനവരോട് പറയും, പൃഥ്വിരാജ് നല്ലൊരു മനുഷ്യനാണെന്ന്’.
Read More:എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; 26 ന് തന്നെ തുടങ്ങും
ഇപ്പോൾ ‘ആടുജീവിതം’ എന്ന ബ്ലെസി ചിത്രത്തിനായുള്ള പൃഥ്വിരാജിന്റെ സമർപ്പണബോധം സിനിമാലോകത്ത് ചർച്ചയാണ്. മുപ്പതു കിലോയോളമാണ് ചിത്രത്തിനായി പൃഥ്വിരാജ് കുറച്ചത്.
Story highlights-producer rajaputhra renjith about prithviraj’s dedication level