ലോഹിതദാസിനെ കൈയിലെടുക്കാന്‍ സിനിമയ്ക്ക് വേണ്ടി സെറ്റിട്ട ക്ഷേത്രത്തില്‍ തൊഴുതു പ്രാര്‍ത്ഥിച്ച സതീഷ് അമരവിള: ഓര്‍മ്മകളില്‍ രമേഷ് പിഷാരടി

May 6, 2020
Ramesh Pisharody Lohithadas

മലയാള ചലച്ചിത്രലോകത്ത് നിസ്തുല സംഭവാനകള്‍ ബാക്കിവെച്ചാണ് അതുല്യ പ്രതിഭ ലോഹിതദാസ് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞത്. മരണം കവര്‍ന്നെടുത്തിട്ടും ലോഹിതദാസിന്റെ ഓര്‍മ്മകള്‍ ഇന്നും ചലച്ചിത്രലോകത്ത് ബാക്കിനില്‍പ്പുണ്ട്. 20 വര്‍ഷത്തോളം തിരക്കഥാകൃത്തായും സംവിധായകനായും മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ലോഹിതദാസ്. 1987-ല്‍ സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടായിരുന്നു ചലച്ചിത്ര രംഗത്തേയ്ക്കുള്ള എഴുത്തുകാരന്റെ അരങ്ങേറ്റം.

2009-ല്‍ മരണം കവര്‍ന്ന ലോഹിതദാസ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുള്ളത് കരുത്തുള്ള തിരക്കഥകളാണ്. ലോഹിതദാസിന്റെ അവസാന ചിത്രമായ നിവേദ്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയില്‍ നടന്ന രസകരമായ ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി. താരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോള്‍ 24 ന്യൂസിലെ പ്രോഗ്രാം പ്രൊഡ്യൂസറായ സതീഷ് അമരവിള വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോഹിതദാസിനെ കൈയിലെടുക്കാന്‍ നടത്തിയ ചെറിയൊരു നാടകമാണ് കുറിപ്പിന് ആധാരം.

Read more: ചേലുള്ള നാടന്‍പാട്ടിന്റെ ശീലുകളുമായി കുഞ്ഞൂട്ടനും ഗോക്കുട്ടനും; ദേ ഇവരാണ് സൈബര്‍ലോകം ഹൃദയത്തിലേറ്റിയ ആ കുരുന്ന് ഗായകര്‍

രസകരമായ ആ സംഭവം ഇങ്ങനെ:

ഏഷ്യാനെറ്റിലെ ‘സിനിമാ ഡയറി’ എന്ന പരിപാടിയുടെ ഷൂട്ടിങ്ങിനായി സംഘം ‘നിവേദ്യം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തി. ലഞ്ച് ബ്രേക്കിന് എത്താനാണ് ലോഹിതദാസ് സര്‍ പറഞ്ഞത്. ബ്ലോക്ക് ഉള്‍പ്പടെയുള്ള പതിവ് കാരണങ്ങള്‍ കൊണ്ട് ലൊക്കേഷനില്‍ എത്താന്‍ വൈകി. സിനിമ ചിത്രീകരണത്തിന്റെ ഇടവേളകളില്‍ മാത്രമേ ഇനി ചെന്ന കാര്യം നടക്കൂ.

അണിയറ പ്രവര്‍ത്തകരുടെയും താരങ്ങളുടെയും വീഡിയോ ബൈറ്റ്‌സും മറ്റും എടുക്കണം. മനോഹരമായ ഒരു ക്ഷേത്രമാണ് ലൊക്കേഷന്‍ . ലോഹിതദാസ് സാറിനെ സോപ്പിട്ടാലെ കാര്യം നടക്കൂ എന്നു മനസിലാക്കിയ പ്രോഗ്രാം പ്രൊഡ്യൂസറും അവതരകനുമായ സതീഷ് അമരവിള ഷര്‍ട്ടഴിച്ചു! ക്ഷേത്രത്തില്‍ മൂന്ന് പ്രദക്ഷിണം വച്ചു. ലോഹിതദാസ് സര്‍ കാണുന്നുണ്ട് എന്നു ഉറപ്പു വരുത്തിയ ശേഷം 10 രൂപ കാണിക്ക ഇട്ടു. സാഷ്ടാംഗം നമസ്‌കരിച്ച് പ്രാര്‍ത്ഥിച്ചു, ‘ഈശ്വരാ, സിനിമാ ഡയറിയുടെ ഷൂട്ടിംഗ് ഭംഗി ആയി നടക്കണേ.’ എന്നിട്ടു നേരെ ചെന്നു ലോഹിദാദാസ് സാറിനോട് പറഞ്ഞു, ‘സര്‍ ഈ സിനിമ നന്നായി വിജയിക്കണമേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. സിനിമാ ഡയറിയുടെ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?’

ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു-

‘ഈ ക്ഷേത്രം സിനിമക്ക് വേണ്ടി ഞങ്ങള്‍ സെറ്റ് ഇട്ടതാണ്.’

Story Highlight: Ramesh Pisharody facebook post about Lohithadas