മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജ് നായകനായി ‘വാരിയംകുന്നന്‍’; സംവിധാനം ആഷിക് അബു
പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. മലബാര്‍ കലാപം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആഷിഖ് അബു ആണ്. ‘വാരിയംകുന്നന്‍’ എന്നാണ് ചിത്രത്തിന്‍റെ പേര്. മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് ചിത്രത്തില്‍ അവതരിപ്പിക്കുക.
സിക്കന്ദര്‍, മൊയ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് വാരിയംകുന്നന്‍ എന്ന ചിത്രത്തിന്റെ നിര്‍മാണം. ഹര്‍ഷാദ്, റമീസ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിക്കുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മുഹ്‌സിന്‍ പരാരി ആണ് കോ-ഡയറക്ടര്‍. സൈജു ശ്രീധരന്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നു.
”ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.” സിനിമയെക്കുറിച്ച് സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.
Story highlights: Aashiq Abu new movie with Prithviraj Sukumaran Vaariyamkunnan