‘ആദ്യ ചിത്രത്തിന് ശേഷം കാത്തിരുന്നത് 5 വർഷം’- അഹാന
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാലോകത്ത് സജീവ ചർച്ചയായിരിക്കുന്നത് നെപ്പോട്ടിസമാണ്. സിനിമാ ബന്ധങ്ങളുടെ ആനുകൂല്യത്തിൽ നിലനിൽക്കുന്ന താരങ്ങൾ എന്ന രീതിയിൽ ബോളിവുഡ് മുതൽ മലയാള സിനിമാ രംഗം വരെ വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു. അതിനിടെയാണ്, അച്ഛന്റെ ആനുകൂല്യത്തിൽ എത്തിയ നടിയെന്ന രീതിയിൽ അഹാനയുടെ പേരിൽ ട്രോളുകൾ പ്രചരിച്ചത്. ഇപ്പോൾ നെപ്പോറ്റിസം ട്രോളുകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന കൃഷ്ണകുമാർ.
ആദ്യ സിനിമയ്ക്ക് ശേഷം ഒരു അഭിനേതാവ് എന്ന നിലയിൽ എല്ലാവരും അംഗീകരിക്കുന്ന വേഷം ലഭിക്കാൻ അഞ്ചു വർഷം കാത്തിരിക്കേണ്ടി വന്നതായി അഹാന പറയുന്നു.
‘ഒരു താരപുത്രിയുടെ ആനുകൂല്യം എനിക്കുണ്ടായിരുന്നുവെങ്കിലോ അച്ഛനോ അമ്മയോ സ്വാധീനമുള്ളവരായിരുന്നുവെങ്കിലോ ഈ അഞ്ചു വർഷത്തിനുള്ളിൽ ഞാൻ പത്തു ചിത്രമെങ്കിലും ചെയ്തിരുന്നേനെ. ഒരു അവാർഡെങ്കിലും ലഭിച്ചേനെ. അതുകൊണ്ട് ആ പ്രിവില്ലേജ്ഡ് ഗാങ്ങിലേക്ക് എന്നെ വലിച്ചിടേണ്ട’.
നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന, ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് വലിയ ഇടവേളയ്ക്ക് ശേഷം നിവിൻ പോളിയുടെ സഹോദരി വേഷത്തിൽ ‘ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സ്ക്രീനിലെത്തുന്നത്. സിനിമാ രംഗത്ത് അഹാന സജീവമായി തുടങ്ങുന്നതേയുള്ളൂ.
Story highlights-ahaana about nepotism trolls