‘പത്രത്തിൽ ഒരു വാർത്ത കൊടുത്താൽ ഞാൻ രക്ഷപ്പെടും’ എന്ന് അപേക്ഷിച്ച ചെറുപ്പക്കാരൻ ഇന്ന് ലോകം ആരാധിക്കുന്ന സൂപ്പർസ്റ്റാറായി മാറിയ ചരിത്രം- ”filmy FRIDAYS!”ൽ ബാലചന്ദ്രമേനോൻ
സിനിമാ ഓർമ്മകളുടെ സുവർണകാലം പങ്കുവയ്ക്കുകയാണ് ”filmy FRIDAYS!”ലൂടെ ബാലചന്ദ്ര മേനോൻ. പത്രക്കാരനായും സംവിധായകനായും ഒട്ടേറെ വ്യക്തികളുടെ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകൾക്ക് സാക്ഷ്യം വഹിക്കുകയും ഭാഗമാവുകയും ചെയ്തയാളാണ് അദ്ദേഹം. കോടമ്പാക്കം ഓർമകളിൽ നിന്നും ഒരു സൂപ്പർതാരത്തിന്റെ പിറവിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബാലചന്ദ്ര മേനോൻ.
ഒരു ഹോട്ടലിൽ വെച്ച് സിഗരറ്റുകൊണ്ട് മാജിക് സൃഷ്ടിച്ച ഒരു ചെറുപ്പക്കാരൻ ബാലചന്ദ്രമേനോന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അടുത്ത തവണ അതെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ആ ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തി.’ എന്റെ പേര് ശിവാജി റാവു. ഇവിടെ സിനിമ പഠിക്കുകയാണ്. അഭിനയിക്കണം എന്നാണ് മോഹം. സാർ ജോലി ചെയ്യുന്ന പത്രത്തിൽ എന്നെക്കുറിച്ച് ഒരു വാർത്ത കൊടുക്കാമോ? മലയാളത്തിലെങ്കിലും ഒരു അവസരം ലഭിച്ചാൽ ഞാൻ രക്ഷപ്പെടും. ഇതെന്റെ പല തരത്തിലുള്ള ചിത്രങ്ങളാണ്. ദയവായി സഹായിക്കണം”.
ചെറുപ്പക്കാരന്റെ ആഗ്രഹത്തിൽ ആത്മാർത്ഥത തോന്നിയ ബാലചന്ദ്ര മേനോൻ, അത് വാർത്തയാക്കി തിരുവനന്തപുരത്തെ ഓഫീസിലേക്ക് അയച്ചെങ്കിലും വാർത്താപ്രാധാന്യമില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കപ്പെട്ടു. പിന്നീട് പലപ്പോഴും എന്നാണ് വാർത്ത വരുന്നത് എന്ന് തിരക്കി ബാലചന്ദ്ര മേനോനെ സമീപിച്ച ചെറുപ്പക്കാരനെ ഒരിക്കൽ ശ്രീവിദ്യയുടെ അഭിമുഖമെടുക്കാൻ സത്യാ സ്റ്റുഡിയോയിൽ എത്തിയപ്പോൾ അദ്ദേഹം കണ്ടു.
ചിത്രത്തിലെ നായകനായ കമൽഹാസന് ചുറ്റും മാധ്യമങ്ങളുടെ തിരക്കാണ്. ആ തിരക്കിലൊന്നും പെടാതെ നിന്ന ചെറുപ്പക്കാരൻ ബാലചന്ദ്ര മേനോനെ സമീപിച്ച് തനിക്ക് ബാലചന്ദർ സാർ ‘അപൂർവ്വരാഗങ്ങളി’ൽ വേഷം തന്നു, നല്ല വേഷമാണ് എന്നറിയിച്ചു. ആ ശിവാജി റാവുവാണ് ഇന്ന് ലോകശ്രദ്ധ നേടിയ താരം രജനികാന്ത്. സത്യാ സ്റ്റുഡിയോയിൽ ആരും ശ്രദ്ധിക്കാതെ നിന്ന ചെറുപ്പക്കാരനെ കുറിച്ച് ശ്രീവിദ്യ ബാലചന്ദ്ര മേനോനോട് പറഞ്ഞ കാര്യവും സത്യമായി. ”കാലം ഒരു കാര്യം തെളിയിക്കും. ഇപ്പോൾ കുറച്ച് സീനുകൾ അയാൾക്കൊപ്പം എടുത്തു കഴിഞ്ഞ അനുഭവം കൊണ്ട് പറയുകയാണ്, അയാളൊരു സൂപ്പർ താരമാകും”.
എല്ലാ വെള്ളിയാഴ്ചകളിലും ”filmy FRIDAYS!”ലൂടെയാണ് ബാലചന്ദ്ര മേനോൻ സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്.
Story highlights-Balachandra menon about rajanikanth