കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം

June 6, 2020
Covid Death in kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ ആണ് കൊവിഡ് മൂലം മരണപ്പെട്ടത്. 61 വയസ്സായിരുന്നു പ്രായം. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണ് ഇദ്ദേഹം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കായി അഞ്ച് വര്‍ഷം ബൂട്ടണിഞ്ഞിട്ടുണ്ട് ഹംസക്കോയ. നെഹ്‌റു ട്രോഫി ഇന്ത്യന്‍ ടീം അംഗവും മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരവുമാണ് ഇളയിടത്ത് ഹംസക്കോയ. മുംബൈയിലായിരുന്നു സ്ഥിരതാമസം.

മെയ് 21-നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. ഭാര്യയ്ക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കുടുംബത്തില്‍ അഞ്ച് പേര്‍ക്ക് രോഗമുണ്ട്. അതേസമയം ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 15 ആയി.

Story highlights: Covid death in Kerala