കുട്ടിയാനയ്ക്ക് ഇതിലും മികച്ചൊരു പ്രൊട്ടക്ഷന്‍ വേറെ കിട്ടില്ല, എന്തൊരു കരുതലാണ് ഇത്…: വൈറലായി ഒരു ആനക്കാഴ്ച

June 17, 2020
Mother elephant protects her calf viral video

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. പലര്‍ക്കും അപരിചിതമായ പല കാഴ്ചകളെയും പരിചയപ്പെടുത്തുന്നതിലും സോഷ്യല്‍മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. അറിയാതെ ക്യാമറയില്‍ പതിഞ്ഞ രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും വളരെ വേഗത്തിലാണ്.

ഇത്തരത്തില്‍ പലര്‍ക്കും അപൂര്‍വ്വമായ ചില ആനക്കാഴ്ചകള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും രസകരമായ ഒരു ആനക്കാഴ്ചയാണ്.

അമ്മയാനയുടെ നാല് കാലുകള്‍ക്ക് ഇടയിലൂടെ ധൈര്യമായി സഞ്ചരിക്കുന്ന ഒരു കുട്ടിയാനയുടേതാണ് ഈ ദൃശ്യങ്ങള്‍. അമ്മയാനയുടെ കരുതലിനെ പ്രശംസിക്കുകയാണ് സോഷ്യല്‍മീഡിയ. കുഞ്ഞു തുമ്പിക്കൈയും ചെവികളുമെക്കയായി കുഞ്ഞന്‍ ആനകള്‍ പലപ്പോഴും കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കാറുണ്ട്.

സസ്തനികളില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭകാലം ആനയുടേതാണ്. അതായത് 630 മുതല്‍ 660 ദിവസങ്ങള്‍ വരെയെടുക്കും ഒരു കുട്ടിയാനയുടെ ജനനത്തിന്. ജനിക്കുമ്പോള്‍ 90 മുതല്‍ 115 കിലോഗ്രാം വരെയായിരിയ്ക്കും ആനക്കുട്ടിയുടെ ഭാരം. ജനിച്ച് അരമണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും കുട്ടിയാനകള്‍ അമ്മയാനയുടെ സഹായത്താല്‍ സ്വന്തം കാലില്‍ നില്‍ക്കും. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ കുട്ടിയാനയ്ക്ക് പരസഹായം പോലും വേണ്ട.

Story highlights: Mother elephant protects her calf viral video