വെല്ലുവിളികളില് തകര്ന്നില്ല, ഇന്ത്യന് എയര്ഫോഴ്സില് ഫ്ളൈയിങ് ഓഫീസറായി ആഞ്ചല്: അറിയണം ഈ വിജയഗാഥ
ചില ജീവിതങ്ങള് പകരുന്ന സന്ദേശം ചെറുതല്ല. മനസ്സുവെച്ചാല് എത്ര വലിയ പ്രതിസന്ധികളേയും മറികടന്ന് സ്വപ്നം സഫലമാക്കാം എന്ന ബോധ്യപ്പെടുത്തല് നല്കുന്ന ജീവിതങ്ങള്. കഠിനാധ്വാനത്തിലൂടെ വിജയഗാഥ രചിച്ചവര്. അനോകരുണ്ട് ഇക്കൂട്ടത്തില്. അവര്ക്കിടെയില് നക്ഷത്ര ശോഭയോടെ തിളങ്ങുകയാണ് ആഞ്ചല് ഗംഗ്വാള് എന്ന പെണ്കരുത്ത്.
കുട്ടിക്കാലം മുതല്ക്കേ പ്രതിരോധ മേഖലയില് ജോലി ചെയ്യണമെന്നായിരുന്നു ആഞ്ചലിന്റെ സ്വപ്നം. എന്നാല് സാമ്പത്തിക സാഹചര്യങ്ങള് പലപ്പോഴും അവളുടെ സ്വപ്നങ്ങള്ക്ക് വിലങ്ങു തടിയായി. തളരാന് തയാറായിരുന്നില്ല അവള്. പൊരുതി നേടി ആ മഹാവിജയം. ഇന്ന് അഭിമാനത്തിന്റെ നെറുകയിലും.
മധ്യപ്രദേശിലെ നീമുച്ച് ആണ് ആഞ്ചലിന്റെ സ്വദേശം. 2018-ലാണ് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ആഞ്ചല് ഇന്ത്യന് എയര്ഫോഴ്സിന്റെ ഫ്ളൈയിങ് ബ്രാഞ്ചിലേക്കു പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ട് വര്ഷങ്ങള്ക്ക് ശേഷം 2020 ജൂണില് ആഞ്ചല് ഫ്ളൈയിങ് ഓഫീസര് ബിരുദം നേടുകയും ചെയ്തു.
ചായക്കടക്കാരനാണ് ആഞ്ചലിന്റെ അച്ഛന്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു ഈ കുടുംബം. എന്നാല് വെല്ലുവിളികള്ക്കൊന്നും ആഞ്ചലിന്റെ സ്വപ്നത്തിന്റെ കരുത്ത് കുറയ്ക്കാനായില്ല. ആ സ്വപന്ങ്ങള്ക്കൊപ്പം നിന്നു മാതാപിതാക്കളും. വായ്പ എടുത്താണ് അവര് മകളെ പഠിപ്പിച്ചത്. ഇന്ന് മകളുടെ നേട്ടത്തില് മാതാപിതാക്കളുടെ മനസ്സിലും നിറയെ അഭിമാനം.
ജീവിതത്തില് ചെറിയ പ്രതിസന്ധികളും വെല്ലുവിളികളും വരുമ്പോള് തന്നെ തകര്ന്നു പോകുന്നവര് നുമുക്കിടയില് ധാരാളമുണ്ട്. ഒന്നും നോടാനായില്ല എന്ന് സ്വയം ശപിച്ച് വിഷാദ രോഗത്തിന്റെ പിടിയില് അമര്ന്ന് ഒരു മുറിക്കുള്ളില് ഒതുങ്ങിക്കൂടുന്നവര്. ഇവര്ക്കൊക്കെ വലിയ പ്രചോദനമാണ് ആഞ്ചലിന്റെ ജീവിതം. വെല്ലുവിളികളില് പതറാതെ ഉയര്ന്ന് പറക്കാന് കരുത്തേകുന്ന ജീവിത മാതൃക…
Story highlights: Tea seller’s daughter Anchal Gangwal becomes Indian air force officer