ഡയലോഗ് പഠിച്ച് വിജയ് സേതുപതി; അരികില്‍ പുഞ്ചിരിയോടെ തൃഷ; ’96’ -ന്റെ ഓര്‍മ്മകളില്‍ സംവിധായകന്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു

July 11, 2020
96 Movie Location Video Goes Viral After One Year

ചില സിനിമകളുണ്ട്, തിയേറ്ററുകളിലെത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടാലും പ്രേക്ഷക മനസ്സുകളില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്ന സിനിമകള്‍. സംവിധായകരും താരങ്ങളും പ്രേക്ഷകരും ഇടയ്ക്ക് ഇത്തരം സിനിമകളുടെ ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കാറുമുണ്ട്. തിയേറ്ററുകളിലെത്തിയിട്ട് ഒന്നര വര്‍ഷം പിന്നിട്ട ചിത്രമാണ് 96. പക്ഷെ സിനിമയിലെ രംഗങ്ങളും പാട്ടുമൊന്നും പ്രേക്ഷകരില്‍ നിന്ന് മാഞ്ഞു തുടങ്ങിയിട്ടില്ല. 96-ന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സി പ്രേംകുമാര്‍.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വിജയ് സേതുപതിയും തൃഷയും ഡയലോഗ് പറഞ്ഞു പഠിക്കുന്ന ഒരു ലൊക്കേഷന്‍ വീഡിയോയാണ് സംവിധായകന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഒന്നര വര്‍ഷത്തിനു ശേഷം പങ്കുവെച്ച ഈ ലൊക്കേഷന്‍ വീഡിയോ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

മികച്ച പ്രതികരണം നേടി പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ ഓരോ ഗാനങ്ങളും ചില രംഗങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബോക്സ്ഓഫീസിലും ചിത്രം വിജയം നേടി.

Read more: ലോക്ക്ഡൗണ്‍ കാലത്ത് ഇങ്ങനേയും പാട്ട് റെക്കോര്‍ഡ് ചെയ്യാം; അലമാരയ്ക്കുള്ളിലെ പാട്ട് റെക്കോര്‍ഡിങ് വീഡിയോ പങ്കുവെച്ച് മംമ്ത

2018 ഒക്ടോബര്‍ നാലിനാണ് ’96’ തിയേറ്ററുകളിലെത്തിയത്. തികച്ചും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ചതും. 1996 ലെ സ്‌കൂള്‍ പ്രണയമായിരുന്നു ചിത്രത്തിലെ മുഖ്യ പ്രമേയം. കഥാപാത്രത്തിന്റെ വ്യത്യസ്തമായ മൂന്നു ഘട്ടങ്ങളേയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. പ്രണയത്തിന്റെ ആര്‍ദ്രതയും നഷ്ടപ്രണയത്തിന്റെ നൊമ്പരവുമെല്ലാം ചിത്രത്തില്‍ പ്രതിഫലിച്ചു.

Story highlights: 96 Movie Location Video Goes Viral After One Year