വര്‍ഷങ്ങള്‍ക്ക് ശേഷം ‘വൈശാലി’യിലെ ഋഷ്യശൃംഗനെ പുനരവതരിപ്പിച്ച് സഞ്ജയ് മിത്ര: വീഡിയോ

July 8, 2020
Actor Sanjay Mitra re enacting Rishyashringan scene Vaishali

‘വൈശാലി’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടു. എങ്കിലും സിനിമയിലെ രംഗങ്ങളും പാട്ടും സംഭാഷണവും എല്ലാം പ്രേക്ഷക മനസ്സുകളില്‍ ഇന്നും ശോഭ കെടാതെ കിടപ്പുണ്ട്. ഭരതന്‍ സംവിധാനം ചെയ്ത വൈശാലി അത്രമേല്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ചിത്രമായിരുന്നു. ചിത്രത്തില്‍ ഋഷ്യശൃംഗന്‍ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ ഓര്‍മ്മയിലുണ്ട്. ഈ കഥാപാത്രത്തെ പുനരവതരിപ്പിച്ചിരിക്കുകയാണ് ഋഷ്യശൃംഗനായി ചിത്രത്തിലെത്തിയ സഞ്ജയ് മിത്ര.

മലയാളഭാഷ അത്ര വശമില്ലെങ്കിലും ചിത്രത്തിലെ ഒരു ഡയലോഗിന്റെ ചെറിയൊരു ഭാഗമാണ് സഞ്ജയ് മിത്ര പുനരവതരിപ്പിച്ചത്. “പ്രശസ്തമായ ഋഷ്യശൃംഗന്‍ രംഗം വീണ്ടും അഭിനയിച്ചു നോക്കുകയാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആ കഥാപാത്രത്തോട് നീതി പുലര്‍ത്തിയോ” എന്ന ചോദ്യത്തോടെയാണ് സഞ്ജയ് മിത്ര വീഡിയോ പങ്കുവെച്ചത്.

Read more: ‘ബോബ്-കട്ട് സെംഗമലം’; ഹെയര്‍സ്റ്റൈല്‍ കൊണ്ട് സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ ആനക്കുട്ടി

എന്നാല്‍ സംഭാഷണത്തേക്കാള്‍ അധികമായി ശ്രദ്ധ നേടിയത് താരത്തിന്റെ മുഖഭാവങ്ങളാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഋഷ്യശൃംഗന്റെ ഭാവത്തില്‍ താരം വിസ്മയിപ്പിച്ചു. മലയാള ചലച്ചിത്ര രംഗത്ത് സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമായ സഞ്ജയ് മിത്ര ആരാധകരുമായി വിശേഷങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

1988-ല്‍ തിയേറ്ററുകളിലെത്തിയ വൈശാലി മികച്ച സ്വീകാര്യത നേടിയ ചിത്രമാണ്. എം ടി വാസുദേവന്‍നായരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. സുപര്‍ണ്ണ, ഗീത, ബാബു ആന്റണി, നെടുമുടി വേണു, അശോകന്‍, വി കെ ശ്രീരാമന്‍, പാര്‍വ്വതി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നു ചിത്രത്തില്‍. വൈശാലിയിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.