വിറകിൽ വിരിഞ്ഞ പൃഥ്വിരാജ്- ശ്രദ്ധേയമായി ഡാവിഞ്ചി സുരേഷിന്റെ കലാസൃഷ്ടി

July 25, 2020

പ്രസിദ്ധരായവരുടെ ചിത്രങ്ങൾ വിവിധ വസ്തുക്കൾ കൊണ്ട് സൃഷ്ടിച്ച് അമ്പരപ്പിച്ചിട്ടുള്ള കലാകാരനാണ് ഡാവിഞ്ചി സുരേഷ്. ഇപ്പോൾ പൃഥ്വിരാജിന്റെ മുഖം വിറകുകൾ ചേർത്ത് ഒരുക്കിയിരിക്കുകയാണ് ഇദ്ദേഹം. മനോഹരമായ ഈ സൃഷ്ടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി കഴിഞ്ഞു.

‘പേപ്പറിൽ വരക്കും പോലെ എളുപ്പമല്ല, വിറകുകൾ കൊണ്ട് ചിത്രം വരക്കുന്നത്. ഛായ കൊണ്ട് വരാൻ പരമാവധി ശ്രമം നടത്തി’ എന്നാണ് ഡാവിഞ്ചി സുരേഷ് ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ഡാവിഞ്ചി സുരേഷ് ഒരുക്കിയ സൃഷ്ടി പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.

മികച്ച പ്രതികരണമാണ് ഡാവിഞ്ചി സുരേഷിന്റെ കലാസൃഷ്ടിക്ക് ലഭിച്ചത്. മണിക്കൂറുകൾക്കകം ഒട്ടേറെപ്പേർ ചിത്രങ്ങൾ പങ്കുവെച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണിയിൽ ഫഹദ് ഫാസിലിന്റെ രൂപം ഒരുക്കി ഡാവിഞ്ചി സുരേഷ് ശ്രദ്ധേയനായിരുന്നു. 8500ലധികം ആണികൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. ഇനിയും ധാരാളം സൃഷ്ടികൾ ഒരുക്കാനുണ്ടെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു.

Read More: ‘കൊവിഡിനെ കുറിച്ച് ഞങ്ങൾ പറയുന്നതൊക്കെ അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് അപ്പോഴാണ് മനസിലായത്’- അല്ലിയുടെ കൊവിഡ് കുറിപ്പ് പങ്കുവെച്ച് സുപ്രിയ

പ്രളയ സമയത്ത് ആവശ്യക്കാർക്കായി സ്വന്തം കട തുറന്നു നൽകിയ നൗഷാദിന്റെ മുഖം തുണികൊണ്ട് ഒരുക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുക്കള സാധനങ്ങളിൽ മോഹൻലാലിൻറെ മുഖവും പപ്പായയിൽ ശശി കലിംഗയുടെ മുഖവും ഡാവിഞ്ചി സുരേഷ് ഒരുക്കിയിരുന്നു.

Story highlights-davinchi suresh’s art work