കൊവിഡ് ബാധിച്ചും നിത്യ ചെലവിന് ബുദ്ധിമുട്ടിയും പ്രതിസന്ധിയിലായ നർത്തകർക്ക് പണമയച്ച് ഋത്വിക് റോഷൻ

July 27, 2020

കൊവിഡ് ലോകമെമ്പാടുമുള്ള ജനങ്ങളിൽ ആശങ്ക പടർത്താൻ തുടങ്ങിയിട്ട് ആറുമാസങ്ങൾ പിന്നിടുന്നു. രോഗവ്യാപനത്തിന്റെ തോത് വർധിക്കുകയും ആളുകൾ വീടുകളിൽ കഴിയേണ്ടത് അത്യാവശ്യവുമായി മാറിയിരിക്കുന്നു. കൊവിഡ് പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന ഒട്ടേറെ ആളുകളുണ്ട്‌. സിനിമയിലെ നൃത്തവിഭാഗം കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലാണ്.

ദിവസവേതനക്കാരായ ഇവർക്ക് സഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഋത്വിക് റോഷൻ. 100 നർത്തകർക്കാണ് ഋത്വിക് റോഷൻ അക്കൗണ്ടിലേക്ക് പണം അയച്ചത്. ഗാന രംഗങ്ങളിൽ എത്തുന്ന നർത്തകരുടെ സംഘടകനായ രാജ് സുരാനിയാണ് ഈ വിവരം പങ്കുവെച്ചത്.

‘ഈ പ്രയാസകരമായ കാലത്ത് 100 നർത്തകരെ ഋത്വിക് റോഷൻ സഹായിച്ചിട്ടുണ്ട്. പല നർത്തകരും മുംബൈയിൽ നിന്നും ലോക്ക് ഡൗൺ സമയത്ത് മടങ്ങി പോയി. പലരെയും കൊവിഡ് ബാധിച്ചു. നിത്യ ചെലവുകൾ പോലും ബുദ്ധിമുട്ടിലായി. അവരെയാണ് ഋത്വിക് റോഷൻ സഹായിച്ചത്. അവരുടെ അക്കൗണ്ട് നമ്പറുകൾ സംഘടിപ്പിച്ച് പണം അയക്കുകയായിരുന്നു.പണമെത്തിയ വിവരം കൈമാറണമെന്നും ഋത്വിക് റോഷന്റെ ടീം അറിയിച്ചിരുന്നു. എല്ലാവരും അദ്ദേഹത്തോട് നന്ദിയുള്ളവരാണ്’ -രാജ് സുരാനി പറയുന്നു.

ഇന്ത്യയിൽ കൊവിഡ് പിടിമുറുക്കിയ സമയത്ത് ഒട്ടേറെ സഹായങ്ങൾ ഋത്വിക് റോഷൻ ചെയ്തിരുന്നു. അന്ന് ബി എം സി പ്രവർത്തകർക്ക് നിരവധി എൻ95, എഫ് എഫ്‌പി മാസ്കുകളും അദ്ദേഹം വിതരണം ചെയ്തിരുന്നു.അതോടൊപ്പം തന്നെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്കൊപ്പം ചേർന്ന് ഭക്ഷണ വിതരണവും നടത്തിയിരുന്നു.

Read more: ‘ചെലോത് റെഡി ആകും ചെലോത് റെഡി ആകൂല…. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ…;’ ഇവനേക്കാള്‍ മികച്ചൊരു മോട്ടിവേറ്റര്‍ വേറെയില്ലെന്ന് സോഷ്യല്‍ മീഡിയ

കൊവിഡ് കാല പ്രതിസന്ധിയിൽ പെട്ട ആളുകളെ സഹായിക്കുന്ന ഐ ഫോർ ഇന്ത്യ സംരംഭത്തിന്റെയും ഭാഗമായിരുന്നു ഋത്വിക് റോഷൻ.

Story highlights-hrithik roshan’s helping hands towards Bollywood dancers