‘സ്നേഹം മൂലം ഉണ്ടാവുന്ന മുറിവുണക്കാൻ ലോകത്ത് ഇന്നുവരെ ഒരു മരുന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല’- എം ജി രാധാകൃഷ്ണന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് കെ എസ് ചിത്ര
അനശ്വര സംഗീതജ്ഞൻ എം ജി രാധാകൃഷ്ണന്റെ പത്താം ചരമ വാർഷികമാണ് ഇന്ന്. ഈ ഓർമദിനത്തിൽ അദ്ദേഹത്തിന്റെ പ്രിയ പത്നി പദ്മജയും പങ്കുചേരാനില്ല. മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായകരെല്ലാം എം ജി രാധാകൃഷ്ണന് ഓർമപ്പൂക്കൾ സമർപ്പിക്കുമ്പോൾ ഇരുവർക്കുമായി ആദരവ് അർപ്പിക്കുകയാണ് ഗായിക കെ എസ് ചിത്ര.
‘എല്ലാ മുറിവുകളും ഉണക്കാനുള്ള മരുന്നാണ് സ്നേഹം. എന്നാൽ സ്നേഹം മൂലം ഉണ്ടാവുന്ന മുറിവുണക്കാൻ ലോകത്ത് ഇന്നുവരെ ഒരു മരുന്നും കണ്ടുപിടിക്കപെട്ടിട്ടില്ല.
എന്റെ ഗുരുവായ എം ജി രാധാകൃഷ്ണൻ ചേട്ടൻ സ്വർഗം പൂകി 10 വർഷം തികയുന്നു. ദിവസങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ പ്രിയ പത്നി പദ്മജ ചേച്ചിയും നമ്മെ വിട്ടു പിരിഞ്ഞു. രണ്ടു ആത്മാവുകൾക്കും നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. നന്ദിയോടെ സ്നേഹത്തോടെ ഓർക്കുന്നു ഓം ശാന്തി’- ചിത്ര ഫേസ്ബുക്കിൽ കുറിക്കുന്നു.
എം ജി രാധാകൃഷ്ണനാണ് കെ എസ് ചിത്രയെ പിന്നണി ഗാനരംഗത്തേക്ക് എത്തിക്കുന്നത്. അഞ്ചാം വയസിൽ ആകാശവാണിയിലെ സംഗീത ശിൽപ്പത്തിൽ ചിത്രയെ പാടിപ്പിച്ചത് അദ്ദേഹമായിരുന്നു. ജൂൺ 15 നായിരുന്നു പദ്മജ രാധാകൃഷ്ണൻ വിടപറഞ്ഞത്.
Story highlights-k s chithra about m g radhakrishnan