‘സിനിമയും പണവും പ്രശസ്തിയും നൽകി, പക്ഷെ ഒരിക്കലും പങ്കു ചോദിച്ചില്ല’; ഗുരുനാഥൻ കെ ബാലചന്ദറിന്റെ ഓർമകളിൽ രജനികാന്തും കമൽഹാസനും
തെന്നിന്ത്യൻ സിനിമാ ലോകത്തിന് ദൈവ തുല്യനാണ് ഇതിഹാസ സംവിധായകൻ കെ ബാലചന്ദർ. മഹാരഥന്മാരായ താരരാജാക്കന്മാരെ വളർത്തിയെടുത്ത അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മവാർഷികത്തിൽ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് തമിഴ് സൂപ്പർ താരങ്ങളായ രജനികാന്തും കമൽഹാസനും.
തന്നെ ബാലചന്ദർ സാർ പരിചയപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ കന്നഡ സിനിമയിൽ വേഷങ്ങൾ ചെയ്യുന്ന ഒരു നടൻ മാത്രമായി പോയേനെ എന്നാണ് രജനികാന്ത് ഗുരുനാഥനെപ്പറ്റി പറയുന്നത്. അദ്ദേഹത്തിനൊപ്പമുള്ള നാല് ചിത്രങ്ങളിലൂടെ ഒരു സമ്പൂർണ്ണ നടനാക്കി മാറ്റിയെന്നും ഒട്ടേറെ നടന്മാരെ അദ്ദേഹം രക്ഷപ്പെടുത്തിയെന്നും രജനികാന്ത് പറയുന്നു.
ഗുരുവിനും പിതാവിനും തുല്യനാണ് ബാലചന്ദർ സാർ എന്ന് കമൽഹാസന്റെ വാക്കുകൾ. പതിനാറ് വയസുമുതൽ കെ ബാലചന്ദറിന്റെ ചിത്രങ്ങളിൽ പ്രവർത്തിച്ച് തുടങ്ങിയതാണ് കമൽഹാസൻ.
സിനിമയും പണവും പ്രശസ്തിയുമെല്ലാം നൽകി തന്നെ കോടീശ്വരനാക്കിയെങ്കിലും അതിന്റെ പങ്കുപറ്റാൻ അദ്ദേഹം വന്നിട്ടില്ല എന്നാണ് കമൽഹാസൻ പറയുന്നത്. കമൽഹാസന്റെ വാക്കുകൾ പോലെ ഇന്ത്യൻ സിനിമയുടെ പുത്രനാണ് കെ ബാലചന്ദർ.
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജൂലൈ 7നാണ് നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായ കെ ബാലചന്ദർ ജനിച്ചത്.പത്മശ്രീ പുരസ്കാരം, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു .
Story highlights-kamalhassan and rajanikanth about k balachandar