lakshya

ധനുഷിന്റെ നായികയായി രജിഷ വിജയന്‍ ‘കര്‍ണന്‍’ ഒരുങ്ങുന്നു

July 29, 2020
Karnan Movie Dhanush And Rajisha Vijayan

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് ധനുഷ്. മലയാളികള്‍ പോലും നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ സിനിമകളെ വരവേല്‍ക്കാറ്. ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. കര്‍ണന്‍ എന്നാണ് ചിത്രത്തിന്റെ പേര്. അതേസമയം മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒന്നുകൂടിയുണ്ട് കര്‍ണന്‍ എന്ന ചിത്രത്തില്‍. മലയാളികളുടെ പ്രിയതാരം രജിഷ വിജയനാണ് സിനിമയില്‍ ധനുഷിന്റെ നായികയായെത്തുന്നത്.

അടുത്തിടെ സിനിമയുടെ ചില ലൊക്കേഷന്‍ സിറ്റില്ലുകളും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള രജിഷ വിജയന്റെ മേക്കോവറും ശ്രദ്ധിക്കപ്പെട്ടു. മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കര്‍ണന്‍ എന്ന സിനിമയ്ക്കുണ്ട്.

രജിഷ വിജയന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയാണ് കര്‍ണന്‍. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ കാത്തിരിക്കുന്നതും. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

ഖാലിദ് റഹ്‌മാന്‍ സംവിധാനം നിര്‍വഹിച്ച ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള രജിഷ വിജയന്റെ ചുവടുവയ്പ്പ്. മികച്ച പ്രേക്ഷക സ്വീകര്യതയാണ് ഈ ചിത്രം നേടിയതും. ചിത്രത്തിലെ എലിസബത്ത്(എലി) എന്ന കഥാപാത്രത്തെ രജിഷ വിജയന്‍ അവിസ്മരണീയമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കി.

Story highlights: Karnan Movie Dhanush And Rajisha Vijayan