‘കുടുംബത്തിന് വേണ്ടിയും മക്കളുടെ ഭാവിക്കായും ജോലി ചെയ്തവർ ജീവനോടെ മണ്ണിനടിയിൽ പെട്ട് മരണമടഞ്ഞത് താങ്ങാനാകാത്ത ദുഃഖമാണ്’- രാജമല ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി സൂര്യ

August 13, 2020

കേരളത്തെ ദുഃഖത്തിലാഴ്ത്തിയ രാജമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് തമിഴ്‌ താരം സൂര്യ. ‘ ഇടുക്കി ജില്ലയിലെ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ അൻപതിലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വളരെയധികം വേദനിക്കുന്നു. കുടുംബത്തിന് വേണ്ടിയും മക്കളുടെ ഭാവിക്കായും ജോലി ചെയ്തവർ ജീവനോടെ മണ്ണിനടിയിൽ പെട്ട് മരണമടഞ്ഞത് താങ്ങാനാകാത്ത ദുഃഖമാണ്. ഹൃദയത്തെ നടുക്കിയ ഈ പ്രകൃതിദുരന്തത്തിൽ ഞാനും പങ്കുചേരുന്നു’ അനുശോചന കുറിപ്പിൽ സൂര്യ കുറിച്ചു.

ഒരേ ദിവസം വലിയ രണ്ടു ദുരന്തങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലും, കരിപ്പൂർ വിമാനാപകടവും പുലർച്ചെയും രാത്രിയിലുമായാണ് സംഭവിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ പെട്ടിമുടി ലായത്തിന്റെ രണ്ടു കിലോമീറ്റർ അകലെയുള്ള മലയിലുണ്ടായ ഉരുൾ പൊട്ടലാണ് നാശം വിതച്ചത്. അഞ്ചു ലായങ്ങളാണ് അപകടത്തിൽ പെട്ടത്. ഈ പ്രദേശത്ത് വാർത്ത വിനിമയ സംവിധാനങ്ങളില്ലാത്തതും കനത്ത മഴയുമെല്ലാം രക്ഷപ്രവർത്തനത്തെ ബാധിച്ചു .84 പേരാണ് ഇവിടെയുള്ള ലായങ്ങളിൽ ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്.

പുലർച്ചെ രാജമലയിൽ ഉരുൾപൊട്ടലുണ്ടായതിന്റെ ആഘാതം മാറുംമുൻപാണ് വൈകിട്ട് കരിപ്പൂരിൽ വിമാനം തെന്നിമാറി അപകടം സംഭവിച്ചത്. നടൻ സൂര്യ കരിപ്പൂർ അപകടത്തിലും അനുശോചനം അറിയിച്ചിരുന്നു. ‘വേദനയിലൂടെ കടന്നുപോകുന്ന കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. മലപ്പുറത്തെ ജനങ്ങൾക്ക് എന്റെ സല്യൂട്ട്, പൈലറ്റുമാരോട് ബഹുമാനം’- സൂര്യ ട്വിറ്ററിൽ കുറിച്ചു.

Read More:‘മലപ്പുറത്തെ ജനങ്ങൾക്ക് സല്യൂട്ട്, വേദനയിലൂടെ കടന്നുപോകുന്ന കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നു’- കരിപ്പൂർ അപകടത്തിൽ അനുശോചനമറിയിച്ച് സൂര്യ

വെള്ളിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ അപകടം സംഭവിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. നിരവധിപ്പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.