‘താനാദ്യം പറയുന്നോ, അതോ ഞാൻ പറയാണോ?’- ‘അനുഗ്രഹീതൻ ആന്റണി’ ടീസർ എത്തി

August 19, 2020

സണ്ണി വെയ്‌നും ഗൗരി കിഷനും നായികാനായകന്മാരാകുന്ന ചിത്രം അനുഗ്രഹീതൻ ആന്റണിയുടെ ടീസർ എത്തി. സണ്ണി വെയ്‌ന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പങ്കുവെച്ചത്.

ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആന്റണി എന്ന കഥാപാത്രത്തിൽ സണ്ണി വെയ്ൻ എത്തുമ്പോൾ സഞ്ജനയായി ഗൗരി കിഷൻ വേഷമിടുന്നു. ആന്റണിയും അയാളുടെ നായയുമായുള്ള ആത്മബന്ധമാണ് ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്.

ലക്ഷ്യ എന്റർടൈൻമെൻറ്സ് റെറ്റ്‌കോണ്‍ സിനിമാസുമായിചേർന്ന് എം.ഷിജിത്താണ് ചിത്രം നിർമ്മിക്കുന്നത്. നവീൻ ടി മണിലാൽ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഇന്ദ്രൻസ്, സിദ്ദിഖ്, ജാഫർ ഇടുക്കി, മാല പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Read More: ചടുലമായ ചുവടുകളുമായി അഹാനയും സഹോദരിമാരും; ശ്രദ്ധ നേടി ഡാൻസ് കവർ

96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ നായികയാകുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. ഗൗരിയുടെ ജന്മദിനത്തിൽ അനുഗ്രഹീതൻ ആന്റണിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള നിമിഷങ്ങൾ കോർത്ത് സണ്ണി വെയ്ൻ വീഡിയോ പങ്കുവെച്ചിരുന്നു.

Story highlights- anugraheethan antony teaser