ഓറഞ്ചും, സപ്പോട്ടയും, മൾബറിയും വിളയുന്ന അനുസിത്താരയുടെ ഏദൻതോട്ടം- കുളക്കരയിൽ സ്വർഗമൊരുക്കി നടി
ലോക്ക് ഡൗൺ കാലത്ത് എല്ലാവരും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുകയാണ്. സിനിമാതാരങ്ങളും വീടുകളിൽ തന്നെ ചെറിയ കൃഷിയുമായി സജീവമായ കാഴ്ചകൾ ലോക്ക് ഡൗൺ കാലത്ത് കൗതുകമായി. അഹാന കൃഷ്ണ, കാളിദാസ് ജയറാം എന്നിവർ തങ്ങളുടെ വീട്ടിലെ കൃഷിവിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ നടി അനുസിത്താരയും തന്റെ ഏദൻതോട്ടം ആരാധകർക്കായി പരിചയപ്പെടുത്തുകയാണ്.
ഓറഞ്ചും സപ്പോട്ടയും മൾബറിയും വിളയുന്ന അനുസിത്താരയുടെ കൃഷി അത്ര ചെറുതല്ല. ഒരു വർഷം മുൻപ് തന്നെ വിവിധയിനം ചെടികളും ഫലവൃക്ഷങ്ങളും ഔഷധച്ചെടികളും, പച്ചക്കറികളുമെല്ലാം അനുസിത്താരയും കുടുംബവും പുതിയ വീട്ടിൽ നട്ടിരുന്നു. എന്തും വിളയുന്ന വയനാടൻ മണ്ണിലാണ് അനുസിത്താരയുടെ സ്വപ്ന ഗൃഹം സ്ഥിതി ചെയ്യുന്നത്.
ഭർത്താവ് വിഷ്ണുപ്രസാദിന്റെ വീടിനോട് ചേർന്നാണ് അനുസിത്താര മെഡിറ്ററേനിയൻ സ്റ്റൈലിൽ വീടൊരുക്കിയത്. പുരയിടത്തിൽ ഉണ്ടായിരുന്ന കുളം നികത്താതെ കൂടുതൽ ഭംഗിയോടെ കൽപ്പടവുകൾ ഒരുക്കിയും മുളയും കരിമ്പും കൊണ്ട് തിട്ടകൾ ഭംഗിയാക്കിയും നടി നിലനിർത്തിയിരിക്കുന്നു. കൂടാതെ, വിവിധ നിറത്തിലുള്ള ആമ്പലുകളും കുളത്തിലുണ്ട്.
ലോക്ക് ഡൗൺ കാലത്ത് സിനിമാ തിരക്കുകളിൽ നിന്നും മാറിനിന്നപ്പോഴാണ് അനുസിത്താര ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ മുതൽ തന്നെ ആരാധകർ മികച്ച പിന്തുണയാണ് നടിക്ക് നൽകിയത്. വയനാട്ടിലെ അറിയപ്പെടാത്ത ഒട്ടേറെ കലാകാരന്മാരെ അനുസിത്താര തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി.
വീട്ടുവിശേഷങ്ങളും പാചക വിശേഷങ്ങളും പാട്ടുകളുമൊക്കെയായി വേറിട്ടൊരു അനുഭവം തന്നെ അനുസിത്താര യൂട്യൂബ് ചാനലിലൂടെ സമ്മാനിക്കുന്നുണ്ട്. അടുത്തിടെ അനുസിത്താരയും മേക്കപ്പ് മാൻ മത്തായിയും ചേർന്ന് ഒരുക്കിയ വിഭവങ്ങൾ ശ്രദ്ധേയമായിരുന്നു.
Read More:മത്തായി ചേട്ടന്റെ സ്പെഷ്യൽ ഗോതമ്പ് പൂരിക്ക് കറിയൊന്നും വേണ്ട; പാചക വിശേഷങ്ങളുമായി അനുസിത്താര
മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടി കൂടിയാണ് അനുസിത്താര. നാടൻ ഭംഗിയാണ് താരത്തിന്റെ ആകർഷണീയത. വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ വിട്ടുനിൽക്കുമ്പോൾ അനുസിത്താരയുടെ കാര്യം നേരെ മറിച്ചാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനുസിത്താര സിനിമയിൽ സജീവമായത്.