ഹെലൻ ബോളിവുഡിലേക്ക്; നായികയായി ജാൻവി കപൂർ

അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം ‘ഹെലൻ’ ബോളിവുഡിലേക്ക്. പ്രമുഖ നിർമാതാവ് ബോണി കപൂറാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അന്ന ബെൻ അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രം ഹിന്ദിയിൽ ബോണി കപൂറിന്റെ മകളും നടിയുമായ ജാൻവി കപൂർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹെലൻ’. ഹെലൻ എന്ന പെൺകുട്ടി അപ്രതീക്ഷിതമായി കടന്നു പോകുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. കന്നഡ സംവിധായകൻ ലോഹിത്, ഫ്രൈഡേ ഫിലിംസുമായി ചേർന്ന് സിൽവർ ട്രെയിൻ ഇന്റർനാഷ്ണലിന്റെ ബാനറിൽ ‘ഹെലൻ’ കന്നടയിൽ ഒരുക്കാനുള്ള അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ബോളിവുഡിലേക്കും ‘ഹെലൻ’ റീമേക്കിന് ഒരുങ്ങുന്നത്.
2018ൽ ധഡക് എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി കപൂർ സിനിമാ ലോകത്തേക്ക് എത്തുന്നത്. മകളെ നായികയാക്കി ദി ബോംബെ ഗേൾ എന്ന ചിത്രം ബോണി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഹെലനാണ് ആദ്യമെത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് അന്ന ബെൻ സിനിമാ ലോകത്തേക്ക് എത്തുന്നത്.പിന്നീട് ‘ഹെലൻ’, ‘കപ്പേള’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മികച്ച നിരൂപക പ്രശംസയും നേടി. നടൻ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കപ്പേള’. അന്ന ബെന്നും റോഷൻ മാത്യൂസുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
Story highlights-Boney kapoor to remake helen movie