ടീഷർട്ടിന്റെ പേരിൽ അച്ഛനും ചേട്ടനും വഴക്കിടുമ്പോൾ ആസ്വദിച്ചിരിക്കുന്ന അനിയൻ- മക്കൾക്കൊപ്പമുള്ള രസകരമായ ചിത്രവുമായി ധനുഷ്
സമൂഹമാധ്യമങ്ങളിൽ അധികവും സിനിമാ വിശേഷങ്ങൾ മാത്രം പങ്കുവയ്ക്കുന്ന താരമാണ് ധനുഷ്. പുതിയ റിലീസുകളെ കുറിച്ചും ലൊക്കേഷൻ ചിത്രങ്ങളും മാത്രമുള്ള ധനുഷിൻറെ ഇൻസ്റ്റാഗ്രാം പേജിൽ ആദ്യമായി മക്കൾക്കൊപ്പമുള്ള ചിത്രം അദ്ദേഹം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. കൊവിഡ് കാലത്ത് വീട്ടിൽത്തന്നെ കഴിയുന്നതിനിടയിലുണ്ടായ രസകരമായ നിമിഷമാണ് ധനുഷ് പങ്കുവെച്ചിരിക്കുന്നത്.
മക്കളായ യാത്ര, ലിംഗ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ധനുഷ് പങ്കുവെച്ചിരിക്കുന്നത്. തന്റെ ടീഷർട്ട് ധരിച്ചശേഷം അത് സ്വന്തമാണെന്ന് തർക്കിക്കുന്ന മകൻ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം. ഇതെല്ലാം കണ്ട് ആസ്വദിച്ച് ഇളയ മകൻ ലിംഗ ധനുഷിന്റെ തോളത്തും ഇരിപ്പുണ്ട്.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയെ ആണ് ധനുഷ് വിവാഹം ചെയ്തിരിക്കുന്നത്. 2004ൽ ആണ് ഇവർ വിവാഹിതരായത്. തമിഴ് സിനിമയിലാണ് സജീവമെങ്കിലും ഒട്ടുമിക്ക ഭാഷകളിലും തന്റെ സാന്നിധ്യം ധനുഷ് അറിയിച്ചിട്ടുണ്ട്. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ‘അത്രംഗി രേ’ എന്ന ബോളിവുഡ് ചിത്രമാണ് ധനുഷിന്റേതായി ഒരുങ്ങുന്നത്. അക്ഷയ് കുമാർ, സാറ അലി ഖാൻ എന്നിവരാണ് ചിത്രത്തിൽ ധനുഷിനൊപ്പം അഭിനയിക്കുന്നത്. ധനുഷിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്.
Read More: ‘തണ്ണീർമത്തൻ ദിന’ങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കുന്ന ‘സൂപ്പർ ശരണ്യ’യിൽ അനശ്വരയും അർജുൻ അശോകനും
അതേസമയം, മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും സിനിമയുടെ റീമേക്കിൽ കോശിയുടെ വേഷത്തിൽ ധനുഷ് എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കതിർസേനൻ നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് ചെയ്ത വേഷം അവതരിപ്പിക്കാൻ താൽപര്യമുണ്ടെന്ന് ധനുഷ് അറിയിച്ചു. പാട്ടാസ് എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവുമൊടുവിൽ തിയേറ്ററുകളിൽ എത്തിയത്. 2019ൽ റിലീസ് ചെയ്ത അസുരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷ് നിരൂപക പ്രശംസ നേടിയിരുന്നു.
Story highlights- Dhanush sharing funny argument photo with son yathra