ഏറെ ആഘോഷിക്കപ്പെട്ട മോഹൻലാലിൻറെ ആക്ഷൻ രംഗം വർഷങ്ങൾക്ക് മുൻപ് പകർത്തിയ ശോഭന; ശ്രദ്ധ നേടി ഹിറ്റ്ലറിലെ രംഗം

August 20, 2020

മലയാളികൾ എന്നും ആഘോഷമാക്കിയ ഒരു മോഹൻലാൽ സ്റ്റൈൽ ആക്ഷൻ രംഗമുണ്ട്. വില്ലന്റെ നെഞ്ചിൽ ചവിട്ടി സ്റ്റൈലിൽ നിൽക്കുന്ന മോഹൻലാൽ.. ലൂസിഫറിലാണ് ആ രംഗം അവസാനമായി കണ്ടത്. അത്രയധികം ആഘോഷിക്കപ്പെട്ട മറ്റൊരു മാസ്സ് രംഗമുണ്ടോ എന്ന് സംശയമാണ്. പക്ഷെ, വർഷങ്ങൾക്ക് മുൻപ്, മോഹൻലാലിനെ പോലെ ഊർജ്ജസ്വലതയോടെ അതെ രംഗം അവതരിപ്പിച്ച ഒരു നായികയുണ്ട്, ശോഭന.

ഹിറ്റ്ലർ എന്ന ചിത്രം എത്ര തവണ കണ്ടിട്ടുള്ളവരാണെങ്കിലും ഒരിക്കൽ പോലും ശ്രദ്ധിക്കാൻ സാധ്യതയില്ല ശോഭനയുടെ ആ മെയ്‌വഴക്കം. മലയാളത്തിൽ ഇന്ന് ഒരു നായികയ്ക്കും സങ്കൽപ്പിക്കാനാകാത്ത വിധം മെയ്‌വഴക്കത്തോടെയാണ് ശോഭന ഹിറ്റ്ലറിൽ ആ രംഗം കൈകാര്യം ചെയ്തിരിക്കുന്നത്. നൃത്തത്തിൽ മാത്രമല്ല, ആക്ഷനിലും മികവ് തെളിയിക്കാൻ ശോഭനയ്ക്ക് സാധിക്കുമായിരുന്നു എന്നതിന്റെ തെളിവാണ് അറിയപ്പെടാതെ പോയ ആ സീൻ. ആ രംഗം പരിചയപ്പെടുത്തുന്നത് ജോസ്മോൻ വാഴയിൽ എന്ന സിനിമാപ്രേമിയാണ്.

‘ചുമ്മാ ഒരു രസത്തിന് ഹിറ്റ്ലർ സിനിമ വീണ്ടും കണ്ടിരിക്കുമ്പോഴാണ്‌ ഈ ഒരു സീൻ ശ്രദ്ധയിൽ പെട്ടത്‌. ഇന്നസെന്റും കൊച്ചിൻ ഹനീഫയും കൂടി ശോഭനയെ പിടിച്ചു കൊണ്ട്‌ വന്നിട്ട്‌ അവസാനം ബലമായി തിരിച്ചു കൊണ്ടുപോയി വിടാൻ ശ്രമിക്കുമ്പോൾ, ഞാൻ വരില്ലാ എന്നും പറഞ്ഞ്‌ ശോഭന എതിർത്തുകൊണ്ടുള്ള ഈ സീൻ.

രണ്ടു പേരും ചേർന്ന്‌ വലിക്കുമ്പോൾ വാതിലിന്റെ കട്ടിളപ്പടിയിൽ ചവിട്ടിപ്പിടിച്ചൊരു പ്രകടനം… അതും ഇന്നസെന്റിന്റെ കഴിത്തിനൊപ്പം ആണ്‌ ശോഭന കാലുകൊണ്ട്‌ ചവിട്ടിപ്പിടിച്ചിരിക്കുന്നത്‌ എന്ന്‌ കണ്ടപ്പോ അന്തം വിട്ടു. രണ്ട്‌ മൂന്ന്‌ തവണ കണ്ടു നോക്കി, ഇത്ര ഈസിയായിട്ട്‌ അത്ര ഉയരത്തിൽ ചവിട്ടിപ്പിടിച്ചിരിക്കുന്ന ആ മെയ്വ്വഴക്കം…! ശരിയാണ്‌, ശോഭനയുടെ ഡാൻസിലൂടെ ഈ മെയ്‌വഴക്കം പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌. നമ്മൾ കണ്ടിട്ടുള്ളതാണ്‌. എന്നാൽ മലയാളസിനിമയിൽ ഈ ഒരു കഴിവിനെ ഉപയോഗിച്ചിട്ടില്ല എന്ന്‌ തോന്നുന്നു. ശരിയല്ലേ?’. ജോസ്‌മോൻ വാഴയിലിന്റെ കുറിപ്പ്.

Read More: കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി ഇനി അനാഥയല്ല; നായയെ ഏറ്റെടുത്ത് പോലീസുകാരൻ

എത്ര വട്ടം കണ്ടിട്ടും അങ്ങനെയൊരു രംഗം ശ്രദ്ധിക്കാതെ പോയതിനെ കുറിച്ചാണ് സിനിമാപ്രേമികൾ ഈ കുറിപ്പിന് നൽകിയ കമന്റുകൾ. ഒരുപക്ഷെ. മലയാളത്തിൽ അസാമാന്യ മെയ്‌വഴക്കത്തോടെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത് സായ് പല്ലവിയാണ്. സായ് പല്ലവിയും നർത്തകിയാണെന്നത് അവരുടെ ആക്ഷൻ രംഗങ്ങൾക്ക് മാറ്റുകൂട്ടി.

Story highlights- facebook post about shobhana’s action scene in hitler