ഇനി വീട്ടിൽ വെള്ളം കയറുമെന്ന ഭീതിയില്ല; നന്ദിയോടെ വീട്ടമ്മ, കുറിപ്പ് പങ്കുവെച്ച് മുൻ സബ് കളക്ടർ

August 11, 2020
house

നഷ്ടത്തിന്റെ കണക്കുകൾ മാത്രം മുന്നോട്ട് വെച്ച മഹാ പ്രളയത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരും കിടപ്പാടം നഷ്ടപ്പെട്ടവരുമൊക്കെ നിരവധിയാണ്. പ്രളയത്തിന്റെ അവശേഷിപ്പുകൾ ബാക്കി നിൽക്കെ ഓരോ മഴക്കാലത്തും കേരളക്കര ഭീതിയോടെയാണ് ഉറങ്ങിയെണീക്കുന്നത്. മഴ കഠിനമായി പെയ്താൽ വീട്ടിൽ വെള്ളം കയറുമെന്ന ഭീതിയോടെ മാത്രമായിരുന്നു നെടുമുടി മാത്തൂർ പതിനാറിൽച്ചിറ ലതയും കഴിഞ്ഞിരുന്നത്. എന്നാൽ ഇനി ലതയ്ക്ക് വീട്ടിൽ വെള്ളം കയറുമെന്ന ഭീതിയില്ല. അതിൽനിന്നും രക്ഷയായത് ‘ഐ ആം ഫോർ ആലപ്പി’ പദ്ധതിയാണ്. 

ഭർത്താവിന്റെ മരണത്തെ തുടർന്ന് വളരെ കഷ്ടപ്പെട്ടാണ് ലത കുടുംബം പോറ്റിയത്. മൂന്ന് പെൺമക്കളുള്ള ലത മക്കളെ കെട്ടിച്ചയച്ചതും പഠിക്കാൻ വിട്ടതുമൊക്കെ ഈ കഷ്ടപ്പാടുകൾക്കിടയിൽ നിന്നുകൊണ്ടായിരുന്നു. അതിനിടെയിലാണ് പ്രളയവും ലതയെ തേടിയെത്തിയത്. രണ്ട് വർഷം മുൻപുള്ള മഹാമാരിയിൽ വെള്ളം കയറി വീട് നശിച്ച നിരവധിപ്പേരിൽ ഒരാളായിരുന്നു ലതയും. എന്നാൽ ‘ഐ ആം ഫോർ ആലപ്പി’ പദ്ധതിയിലൂടെ ലതയ്ക്ക് വീട് ലഭിച്ചു.

Read also:രവിവര്‍മ്മ ചിത്രങ്ങളുടെ പശ്ചാതലത്തില്‍ വ്യത്യസ്തമായൊരു കൊവിഡ് ബോധവല്‍ക്കരണ ഫോട്ടോഷൂട്ട്: ചിത്രങ്ങള്‍

അന്നത്തെ സബ് കളക്ടർ വി.ആർ.കൃഷ്ണതേജ മുൻകയ്യെടുത്താണ് വീട് നിർമ്മിച്ച് നൽകിയത്. ബാഹുബലി സിനിമ അണിയറപ്രവർത്തകരും, കുടുംബശ്രീ പവർത്തകരും ഈ വീട് നിർമ്മിക്കാൻ കൂടെ നിന്നിരുന്നു. അങ്ങനെ വെള്ളം കയറാത്ത ഒരു വീട് ലതയ്ക്കായി അവർ നിർമ്മിച്ച് നൽകി. ഇപ്പോഴിതാ വെള്ളം കയറാത്ത വീട്ടിൽ താമസിക്കുന്ന ലത അന്നത്തെ സബ് കളക്ടർക്ക് നന്ദി അറിയിച്ചുകൊണ്ട് അയച്ച ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലതയുടെ കുറിപ്പും വീടിന്റെ ചിത്രവും വി.ആർ.കൃഷ്ണതേജ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/permalink.php?story_fbid=2628546667406662&id=100007540631644

Story Highlights:flood-resistant-house-success