‘ചിരിയാണല്ലോ മനുഷ്യന് എപ്പോഴും ഒരു സമാധാനം’; മൺമറഞ്ഞ താരം കലാഭവൻ മണിയുടെ ആദ്യ അഭിമുഖം- അപൂർവ വീഡിയോ

August 5, 2020

നാടൻപാട്ടിന്റെ ശീലുകളിലൂടെയും ശുദ്ധഹാസ്യത്തിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനാണ് കലാഭവൻ മണി. ചാലക്കുടിയിൽ നിന്നും മിമിക്രി വേദികളിലൂടെ വെള്ളിത്തിരയിലേക്കെത്തിയ കലാഭവൻ മാണിയുടെ മുതൽക്കൂട്ട് ആത്മവിശ്വാസമായിരുന്നു. 2016ൽ അപ്രതീക്ഷമായി വിട പറഞ്ഞ കലാഭവൻ മണിയുടെ വളരെ അപൂർവ്വമായൊരു അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

കലാഭവനിൽ നിന്നുമാണ് മണി സിനിമയിലേക്ക് എത്തിയത്. 1992ൽ ഗൾഫിൽ കലാഭവന്റെ പരിപാടിക്കെത്തിയപ്പോൾ എ വി എം ഉണ്ണി നടത്തിയ ഒരു അഭിമുഖമാണ് വർഷങ്ങൾക്ക് ശേഷം ശ്രദ്ധ നേടുന്നത്. എ വി എം ഉണ്ണി ആർകൈവ്സ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച അഭിമുഖം കലാഭവൻ മണിയുടെ ആദ്യ അഭിമുഖം കൂടിയാണ്.

എട്ടു മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ മിമിക്രിയെ കുറിച്ചാണ് കലാഭവൻ മണി സംസാരിക്കുന്നത്. മിമിക്രി സമൂഹത്തിനു ഗുണം ചെയ്യുമെന്ന അഭിപ്രായം താന്കള്ക്കുണ്ടോ എന്ന ചോദ്യത്തിന് മണി നൽകിയ മറുപടിയാണ് ശ്രദ്ധേയം. ‘ ഗുണം ചെയ്യും. പണിയെടുത്ത് തളർന്ന് വൈകിട്ട് വീട്ടിലെത്തുന്നവർക്ക് മിമിക്രി പരിപാടിയുടെ ഒരു വീഡിയോ കാസറ്റ് ഇട്ടുകണ്ടാൽ ഒരു സമാധാനം ലഭിക്കും. ചിരിയാണല്ലോ മനുഷ്യന് എപ്പോഴും ഒരു സമാധാനം’ – മണി ചോദിക്കുന്നു.

മിമിക്രി ലോകത്തേക്ക് എത്തുന്ന യുവാക്കൾക്ക് അന്ന് മണി നൽകിയ നിർദേശം ഇങ്ങനെയാണ്-‘ കഠിനാധ്വാനം ചെയ്യണം. മിമിക്രി എന്ന് പറയുമ്പോൾ എളുപ്പമായ ഒരു കാര്യമാണെന്നാണ് എല്ലാവരുടെയും വിചാരം. എളുപ്പമല്ല, ഭയങ്കര ബുദ്ധിമുട്ട് പിടിച്ച ഒരു പരിപാടി തന്നെയാണ് മിമിക്രി’.

Read More: ന്യൂനമർദം ശക്തി പ്രാപിച്ചേക്കും; വിവിധ ജില്ലകളിൽ കനത്ത ജാഗ്രത നിർദേശം

ഖത്തറിലെ കലാമേഖലയിൽ പ്രവർത്തിച്ചിരുന്ന എ വി എം ഉണ്ണി സിനിമാലോകത്ത് പ്രസിദ്ധനാണ്. ഗൾഫിലെത്തുന്ന മലയാള സിനിമാ, സാംസ്‌കാരിക താരങ്ങളെ അഭിമുഖം ചെയ്തിരുന്നത് ഇദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ മകനാണ് യൂട്യൂബ് ചാനലിലൂടെ മണിയുടെ അഭിമുഖം പങ്കുവെച്ചത്.

Story highlights-kalabhavan mani’s first interview