തലയില്‍ ഒരു ഗ്ലാസ് പാലുമായി നീന്തിക്കയറി, ഒരു തുള്ളി പോലും കളയാതെ; നീന്തല്‍ താരത്തെ പ്രശംസിച്ച് സൈബര്‍ലോകം
സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. സോഷ്യല്‍മീഡിയ ഉപയോഗ്താക്കളുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. പലപ്പോഴും ഇത്തരം ദൃശ്യങ്ങള്‍ കാഴ്ചക്കാരെ അതിശയിപ്പിക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും അതിശയിപ്പിക്കുന്ന ഒരു വീഡിയോയാണ്. തലയില്‍ ഒരു ഗ്ലാസ് പാലുമായി നീന്തുന്ന നീന്തല്‍ താരത്തിന്റേതാണ് ഈ വീഡിയോ. പാല് ഗ്ലാസില്‍ നിന്നും ഒരു തുള്ളി പോലും താഴേക്ക് വീഴാതെയാണ് താരത്തിന്റെ നീന്തല്‍. ഇതു തന്നെയാണ് ഈ വീഡിയോയിലെ കൗതുകകരമായ കാര്യവും.
അമേരിക്കയുടെ നീന്തല്‍ താരമായ കാറ്റി ലെഡെക്കിയാണ് ഇത്തരത്തില്‍ അഭ്യാസനീന്തലിലൂടെ സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുന്നത്. ലോകത്തിലെ തന്നെ നിരവധി ആരാധകരുള്ള നീന്തല്‍ താരമാണ് കാറ്റി ലെഡെക്കി. പാല് തലയില്‍ വെച്ച് ബാലന്‍സ് ചെയ്ത് നീന്തുന്ന വീഡിയോ കാറ്റിയാണ് ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും. പിന്നാലെ നിരവധി പേര് വീഡിയോ ഏറ്റെടുത്തു.
Read more: ഉയരങ്ങൾ കീഴടക്കി റെക്കോർഡിട്ട് കുരുന്ന് യാത്രികർ; അത്ഭുതമായി ജാക്സണും ഫ്രേയയും
അതേസമയം അതിസാഹസികമായി നീന്തി സ്വിമ്മിങ് പൂളിന്റെ മറുഭാഗത്ത് എത്തിയപ്പോള്‍ തലയില്‍ നിന്നും ഗ്ലാസെടുത്ത് വിജയലഹരിയില്‍ പാല് കുടിക്കുകയും ചെയ്യുന്നുണ്ട് താരം. തന്റെ കരിയറിലെ ഏറ്റവും മികച്ച നീന്തലുകളില്‍ ഒന്നായിരുന്നു ഇത് എന്നും കാറ്റി വീഡിയോയ്ക്ക് ഒപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒളിമ്പിക്സില്‍ അഞ്ച് തവണ കാറ്റി സ്വര്‍ണ്ണമെഡല്‍ നേടിയിട്ടുണ്ട്. മാത്രമല്ല 15 തവണ ലോക ചാമ്പ്യന്‍ഷിപ്പിലും ഗോള്‍ഡ് മെഡല്‍ നേടി.
Story highlights: Katie Ledecky swims with glass of milk on head viral video