കനത്ത മഴ: എറണാകുളത്ത് എട്ട് ക്യാമ്പുകൾ തുറന്നു, മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ

August 7, 2020
moonar

കേരളത്തിൽ കാലവർഷം അതി ശക്തിപ്രാപിക്കുകയാണ്. എറണാകുളം ജില്ലയിൽ മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ എട്ട് സുരക്ഷാ ക്യാമ്പുകൾ തുറന്നു. ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളം കയറി. ആലുവ മണപ്പുറത്തും വെള്ളം കയറി ഇതേ തുടർന്നാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ ക്യാമ്പുകൾ തുറന്നത്. അതേസമയം എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ അതി ശക്തമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒൻപതാം തിയതിവരെ സംസ്ഥാനത്ത് മഴ കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളത്തിന് പുറമെ ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെ പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലും രൂക്ഷമാകുന്നുണ്ട്. മൂന്നാർ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിൽ ഇരുപതോളം വീടുകൾ മണ്ണിനടിയിലാണ്.

കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ജല കമ്മീഷന്‍ പ്രളയമുന്നറിയിപ്പം നല്‍കിയിട്ടുണ്ട്. അതേസമയം നിലവില്‍ ഡാമുകള്‍ക്ക് സംരക്ഷണ ശേഷിയുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. അതേസമയം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാലവർഷം അതിശക്തമായതും പ്രളയം ഉണ്ടായതും ഈ സമയങ്ങളിൽ ആയതിനാൽ കനത്ത ആശങ്കയിലാണ് കേരള ജനത. അതിനാൽത്തന്നെ അതീവ ജാഗ്രത നിർദ്ദേശങ്ങളാണ് സംസ്ഥാനത്ത് നൽകിയിരിക്കുന്നത്.

Story Highlights: Kochi camps open