ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിൽ നിന്നും ലോർഡ് പാമെർസ്‌റ്റോൺ വിരമിക്കുന്നു; ഗവൺമെന്റ് ജീവനക്കാരനായ പൂച്ചയെക്കുറിച്ച് അറിയാം

August 11, 2020

ലോർഡ് പാമെർസ്‌റ്റോണിന്റെ വിരമിക്കലാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ച. ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിലെ ഒരു ജീവനക്കാരൻ വിരമിക്കുന്നതിൽ എന്താണിത്ര വാർത്ത പ്രാധാന്യം എന്ന് ചിന്തിച്ചേക്കാം. കാരണം, വിരമിക്കുന്നത് ഒരു പൂച്ചയാണ്. നാലര വർഷത്തെ സേവനത്തിന് ശേഷമാണ് ലോർഡ് പാമെർസ്‌റ്റോൺ ജോലിയിൽ നിന്നും വിരമിക്കുന്നത്. മാധ്യമങ്ങളിൽ താരമായ ലോർഡ് പമേർസ്റ്റോണിനെ കുറിച്ച് കൂടുതൽ അറിയാം.

ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിൽ എലിശല്യം രൂക്ഷമായതോടെ നിയമിക്കപ്പെട്ട ജീവനക്കാരനാണ് ഈ പൂച്ച. പെർമനന്റ് അണ്ടർ സെക്രട്ടറിയും ഡിപ്ലോമാറ്റിക് സർവീസസ് മേധാവിയുമായ സർ സൈമൺ മക്ഡൊണാൾഡ്‌സ് ആണ് പാമെർസ്‌റ്റോണിനെ ഓഫീസിലേക്ക് കൊണ്ടുവന്നത്.

നൂറുക്കണക്കിന് പൂച്ചകളിൽ നിന്നുമാണ് പാമെർസ്‌റ്റോൺ തിരഞ്ഞെടുക്കപ്പെട്ടത്. ബാറ്റർസീയിലെ ആനിമൽ ഷെൽട്ടറിൽ നിന്നും വിദേശകാര്യ വകുപ്പിലേക്ക് എത്തിയ പൂച്ച പിന്നീട് അവിടെ ചീഫ് പൂച്ചയായി മാറി. ലോർഡ് പാമെർസ്‌റ്റോൺ നിയമിതനായതോടെ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു.

Read More: എന്നും കാവലിരുന്നു, ഒടുവിൽ കമ്പനിയിൽ ജീവനക്കാരനായി നിയമിതനായി; പിന്നാലെ മികച്ച തൊഴിലാളിക്കുള്ള അവാർഡ് നേടി ശ്രദ്ധേയനാകുന്ന തെരുവുനായ

സ്വന്തമായി ട്വിറ്റർ പേജുമുള്ള പാമെർസ്‌റ്റോൺ നാലര വർഷത്തിന് ശേഷമാണ് വിരമിക്കുന്നത്. ഈ മാസം വിരമിക്കുന്ന ലോർഡ് പാമെർസ്‌റ്റോണിന്‌ വേണ്ടി ധാരാളം അഭ്യർത്ഥനകളാണ് ഇപ്പോൾ ട്വിറ്റർ പേജിൽ വരുന്നത്. മൃഗങ്ങളെ ജീവനക്കാരായി പരിഗണിക്കുന്നത് ആദ്യമായല്ല. അടുത്തിടെ തെരുവുനായയായ ടക്സോൺ പ്രൈമിനെ കമ്പനിയിലെ ജീവനക്കാരനായി ഹ്യുണ്ടായി കമ്പനി നിയമിച്ചിരുന്നു.  മാത്രമല്ല, മികച്ച ജീവനക്കാരനുള്ള അവാർഡും ടക്സോൺ കരസ്ഥമാക്കിയിരുന്നു.

Story highlights-lord Palmerston cat retires from British foreign office