ഷൈന്‍ ടോം ചാക്കോ- രജിഷ വിജയന്‍ ചിത്രം ശ്രദ്ധനേടി ‘ലവ്’ ടൈറ്റില്‍ പോസ്റ്റര്‍

August 4, 2020

ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ലവ് എന്നാണ് ചിത്രത്തിന്റെ പേര്. ഖാലിദ് റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മലയാളികളുടെ പ്രിയതാരങ്ങളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും ടൈറ്റില്‍ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

കൊവിഡ് കാലത്ത് സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. അതേസമയം മമ്മൂട്ടി നായകനായെത്തിയ ‘ഉണ്ട’ എന്ന സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ലവ്’.