ഒരു തനി നാടൻ സൂപ്പർ ഹീറോ- കാത്തിരിപ്പിനൊടുവിൽ മിന്നൽ മുരളി ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

August 25, 2020

കാത്തിരിപ്പിന് വിരാമമിട്ട് മിന്നൽ മുരളി ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമയായ മിന്നൽ മുരളിയിൽ ടൊവിനോ തോമസാണ് നായകനായി എത്തുന്നത്. മിന്നൽ മുരളിയിൽ ടൊവിനോയുടെ ലുക്ക് എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഫസ്റ്റ് ലുക്ക് പോസ്റ്റർ നാടൻ വേഷത്തിലാണ് ടൊവിനോ.

ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്. ഇതുവരെ ചിത്രത്തിൽ മിന്നൽ മുരളിയുടെ രൂപമെന്താണെന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല.

ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. വിവിധ ഭാഷകളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സമീർ താഹിറാണ് ക്യാമറ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്‌മാനാണ്. ടൊവിനോയ്ക്കും ഗുരു സോമസുന്ദരത്തിനും പുറമെ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

വി എഫ് എക്‌സിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ എന്നെ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ് ഒരുക്കുന്നത്.

Story highlights-minnal murali first look poster