അൻവർ റഷീദ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയ്ക്ക് തിരക്കഥ ഒരുക്കാൻ മിഥുൻ മാനുവൽ

August 23, 2020

അൻവർ റഷീദ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതായി മിഥുൻ മാനുവൽ തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിഥുൻ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. അർജുൻ ദാസാണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. കൈതി എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനാണ് അർജുൻ ദാസ്.

2005-ൽ മമ്മൂട്ടി അഭിനയിച്ച രാജമാണിക്യം എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് ചലച്ചിത്രലോകത്തേയ്ക്ക് അൻവർ റഷീദ് എത്തിയത്. മമ്മൂട്ടി നായകനായ ഈ ചിത്രം വ്യാവസായിക വിജയം കൈവരിച്ചതോടെ പ്രതീക്ഷയുള്ള സംവിധായകനായി അൻവർ റഷീദ് ഉയർന്നു. 2007-ൽ ഛോട്ടാ മുംബൈ, 2008ൽ അണ്ണൻ തമ്പി തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ അൻവർ റഷീദ് ട്രാൻസ് എന്ന ഫഹദ് ഫാസിൽ ചിത്രമാണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത്.

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ട് തിരക്കഥാകൃത്തായി അരങ്ങേറ്റം നടത്തയ വ്യക്തിയാണ് മിഥുൻ മാനുവൽ. ആട് എന്ന എന്റെർറ്റൈനർ ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഏറ്റവുമൊടുവിൽ സംവിധാനം നിർവഹിച്ച അഞ്ചാംപാതിര ബ്ലോക്ക് ബസ്റ്റർ വിജയമായിരുന്നു.

Story highlights- Mithun Manuel to write screenplay for Anwar Rashid’s first Tamil film