തൊപ്പിയും കണ്ണടയുമായി സ്റ്റൈലന്‍ ലുക്കില്‍ മോഹന്‍ലാല്‍; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകരും

August 21, 2020
Mohanlal New Look Goes Viral

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതരാങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ പങ്കുവെച്ച് പുതിയ ചിത്രമാണ് ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുന്നത്.

തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് താരം ഈ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രത്യേക തരത്തിലുള്ള കണ്ണാടിയും തൊപ്പിയുമാണ് ഫോട്ടോയിലെ പ്രധാന ആകര്‍ഷണം. മോഹന്‍ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ബറോസ് എന്ന ചിത്രത്തിനു വേണ്ടിയുള്ളതാണ് ഈ ലുക്ക് എന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ത്രിഡിയിലാണ് ഒരുക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ്സ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.

അതേസമയം നിലവില്‍ മോഹന്‍ലാല്‍ ദൃശ്യം 2 ന്റെ ഷൂട്ടിങ്ങിനു വേണ്ടിയുള്ള തയാറെടുപ്പിലാണ്. തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു ദൃശ്യം എന്ന സിനിമ. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. അടുത്തമാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Story highlights: Mohanlal New Look Goes Viral