കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി ഇനി അനാഥയല്ല; നായയെ ഏറ്റെടുത്ത് പോലീസുകാരൻ
പെട്ടുമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായ ധനു എന്ന രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ വളർത്തുനായ ഇനി അനാഥയല്ല. ധനുഷ്കയുടെ കുവിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോഗ് സ്ക്വാഡിലെ ട്രെയിനർ. ജില്ലാ കെ 9 ഡോഗ് സ്ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവനാണ് കുവിയെ ഏറ്റെടുക്കുന്നത്.
കുവി വളർന്ന വീട്ടിൽ ധനുഷ്കയുടെ മുത്തശ്ശി മാത്രമാണ് ബാക്കിയായത്. ധനുഷ്കയുടെ മരണം സ്ഥിരീകരിക്കുംവരെയും അതിനുശേഷവും കുവി ഭക്ഷണം പോലും കഴിക്കാതെ അവശതയിൽ കഴിയുകയായിരുന്നു. പിന്നീട് അജിത് മാധവൻ കുവിയെ കണ്ടെത്തി ഇണക്കിയെടുത്തു. കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുവിയെ ഏറ്റെടുക്കുന്ന വിവരം പങ്കുവെച്ചത്.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
ധനുഷ്കയുടെ കൂവിയെ ഏറ്റെടുക്കാൻ സന്നദ്ധനായി ഡോഗ് സ്ക്വാഡിലെ ട്രെയിനർ
രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടുവയസുകാരി ധനുഷ്കയെ കണ്ടെത്തിയ വളർത്തുനായ കുവിയെ ഏറ്റെടുക്കാൻ തയ്യാറായി ജില്ലാ കെ 9 ഡോഗ് സ്ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ.
ഏറ്റെടുത്ത് വളർത്താനുള്ള അനുമതിക്കായി അജിത് കലക്ടറെയും വനസംരക്ഷണ സമിതിയെയും സ്ഥലം എം പി യെയും സമീപിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് സ്റ്റെഫിയുടെ ട്രെയിനറാണ് അജിത്.
തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി 8ാം ദിവസം ലക്ഷ്യസ്ഥാനത്തെത്തി പുഴയിൽ നോക്കി നിർത്താതെ കരഞ്ഞ ചിത്രം ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. കുവിയെ പോറ്റിവളർത്തിയവരിൽ ധനുഷ്കയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ജീവനോടെയുള്ളത്. വെള്ളിയാഴ്ചയാണ് പെട്ടിമുടി പുഴയിൽ നിന്നും രണ്ടു വയസുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്തത്.
പിന്നീട് കൂവിയെ തേടിയെത്തിയ അജിത്തിനോട് അവൾ ആഹാരമൊന്നും കഴിക്കാതെ എവിടയോ കിടക്കുന്നുണ്ട് എന്ന് സ്ഥലവാസികൾ പറഞ്ഞതനുസരിച്ച് അന്വേഷിച്ചപ്പോൾ ഒരു ലയത്തിന് പുറകിൽ അവശയായി കുവിയെ കണ്ടെത്തുകയായിരുന്നു. ആദ്യം ഭക്ഷണം കൊടുത്തപ്പോൾ അവൾ കഴിക്കാൻ കൂട്ടാക്കിയില്ല. നായ്ക്കളെ അത്യധികം ഇഷ്ടപ്പെടുന്ന അജിത്തിന്റെ സ്നേഹവാൽസ്യങ്ങൾക്ക് മുന്നിൽ പിന്നീട് കുവി വഴങ്ങുകയായിരുന്നു. അതിനുശേഷം രണ്ടുമൂന്ന് ദിവസം കുവി അജിത്തിനെ വിട്ടുമാറിയില്ല. അവളെ അവിടെ ഉപേക്ഷിച്ചു പോരാൻ മനസ്സ് അനുവദിക്കാത്തതിനാലാണ് അജിത് അനുമതിക്കായി അധികൃതരെ സമീപിച്ചത്. അനുമതി ലഭിച്ചാൽ കുവിയെ വീട്ടിൽ കൊണ്ടുപോയി സംരക്ഷിക്കാനാണ് അജിത് ആലോചിക്കുന്നത്.
അപകടം നടന്ന പെട്ടിമുടിയിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഗ്രാവൽ ബാങ്ക് എന്ന സ്ഥലത്ത് നിന്നാണ് ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്തത്. ഇവിടെയുള്ള തൂക്കുപാലത്തിനടിയിൽ മരച്ചില്ലകളിൽ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മണം പിടിച്ചെത്തിയ വളർത്തു നായ രാവിലെ മുതൽ തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോസ്ഥർ അവിടെ തിരച്ചിൽ നടത്തുകയായിരുന്നു.