പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില ആദ്യത്തെ സോംബി ചിത്രം; ‘രാ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

August 9, 2020
ra

മലയാളികളുടെ ഇഷ്ടതാരം പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘രാ’ ഒരുങ്ങുന്നു. ’എസ്ര’യ്ക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന ഹൊറർ ചിത്രമാണ് ‘രാ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മലയാളത്തില ആദ്യത്തെ സോംബി മൂവി എന്ന ടാഗ് ലൈനോട് കൂടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. കിരൺ മോഹൻ ഒരുക്കുന്ന ചിത്രത്തിന് മനുഗോപാൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് പൃഥ്വിരാജ്. ‘അയ്യപ്പനും കോശി’യുമാണ് പൃഥ്വിരാജിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. താരം നായകനാകുന്ന ആടുജീവിതവും ചിത്രീകരണം പൂർത്തിയായി. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്.

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു ഒരുക്കുന്ന ചിത്രമാണ് ‘വാരിയംകുന്നന്‍’. മലബാര്‍ കലാപം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് പറയുന്നത്. 2021 ലാണ് സിനിമ ചിത്രീകരണം ആരംഭിക്കുന്നത്.

ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കടുവ’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും നേരത്തെ പുറത്തെത്തിയിരുന്നു. മാസ് ഗെറ്റപ്പിലുള്ള പൃഥ്വിരാജ് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണം. അതേസമയം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story Highlights: ra after ezra first look poster released