‘എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനമായത് മൊബൈൽ ഫോണും കൊടുത്ത് ഇരുത്തുന്ന ചില മാതാപിതാക്കളാണ്’- മക്കളെ മണ്ണിലും മഴയിലും വളർത്തി സാന്ദ്ര തോമസ്
മണ്ണിലും ചെളിയിലും മഴയിലും ആഘോഷിച്ച് നടക്കുന്ന രണ്ടു മിടുക്കികളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇന്നത്തെ കുട്ടികൾക്ക് അന്യമായ ഗ്രാമീണതയുടെ വിശുദ്ധിയും, മണ്ണിനെ അറിഞ്ഞുള്ള ജീവിതവും ഉമ്മുക്കൊൽസു, ഉമ്മിണിത്തങ്ക എന്നീ പെൺകുട്ടികൾക്ക് അത്ഭുതമല്ല. നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ മക്കളാണ് ഇവർ. മക്കളെ പ്രകൃതിയോടിണക്കി വളർത്തുന്ന സാന്ദ്രയ്ക്ക് പ്രശംസയറിയിച്ച് ഒട്ടേറെ ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. മക്കളെ വളർത്തിയതിനെ കുറിച്ച് ഹൃദയം തൊടുന്നൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാന്ദ്ര തോമസ്.
സാന്ദ്രയുടെ കുറിപ്പ്;
നീ എന്തൊരു അമ്മയാണ് !!!
എന്റെ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായ എല്ലാവർക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു. ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ ആണവർ. ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ ആണവർ.
ഞാൻ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോൾ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്. ഞാൻ ആദ്യം അവരെ ചെളിയിൽ ഇറക്കിയപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു വളം കടിക്കുമെന്ന്. ഞാൻ അവർക്കു പഴങ്കഞ്ഞി കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്.
ഞാൻ അവരെ തന്നെ വാരി കഴിക്കാൻ പഠിപ്പിച്ചപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്. ഞാൻ അവർക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവർക്കു ഇംഗ്ലീഷ് അൽഫബെറ്റ്‌സ് പറഞ്ഞു കൊടുക്കു എന്ന്.
Read more: ‘മഴേ, നീ തോരണം..നോവ് മാറണം’- മഴ കെടുതിക്കെതിരെ പാട്ടുമായി എം ജയചന്ദ്രൻ
ഞാൻ അവർക്കു അഹം ബ്രഹ്‌മാസ്‌മി എന്ന് പറഞ്ഞു കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളിൽ ആണെന്ന്. ഇപ്പോൾ എല്ലാവരും അഭിമാനത്തോടെ പറയും ഇങ്ങനെ വേണം കുട്ടികൾ എന്ന്. എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണ്. എന്തായാലും അങ്ങനെ ഒരമ്മയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ്. ശുഭം !
Story highlights-sandra thomas about her kids