കൊവിഡ് കാലത്തെ മാനസീക സമ്മർദ്ദമകറ്റാൻ ഷഫിൾ ഡാൻസ്; ഹിറ്റായ കർഷക ദമ്പതികളുടെ ഡാൻസിന് പിന്നിലുമുണ്ട് അതിജീവനത്തിന്റെ സന്തോഷം പകരുന്ന കഥ
കണ്ണിന് കാണാൻ പോലും സാധ്യമാകാത്ത ഒരു വൈറസാണ് ഇന്ന് ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്നത്. കൊറോണ വൈറസ് എന്ന മഹാവിപത്ത് തൊടുത്തുവിട്ട ആശങ്കയിലാണ് ലോകജനത. ഇത് കടുത്ത മാനസീക സമ്മർദ്ദത്തിലേക്കാണ് ജനങ്ങളെ കൊണ്ടെത്തിക്കുന്നതും. രോഗത്തോടുള്ള ഭീതിയും, ലോക്ക് ഡൗൺ സൃഷ്ടിച്ച ഏകാന്തതയും, ക്വാറന്റൈനും ഐസോലേഷനും സമ്മാനിക്കുന്ന ഭീതിയുമെല്ലാം ജനങ്ങളെ മാനസീകമായും ശാരീരികമായും തളർത്തുന്നുണ്ട്. എന്നാൽ മനുഷ്യന് ഇതിനെയും അതിജീവിച്ചേ പറ്റൂ…
കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടെത്തുന്നതിനായി ലോകം മുഴുവൻ അഹോരാത്രം പണിപ്പെടുകയാണ്. ഈ സാഹചര്യത്തിൽ കൊവിഡ് സൃഷ്ടിക്കുന്ന കടുത്ത മാനസീക സമ്മർദ്ദം കുറയ്ക്കുന്നതിനായി സഹായിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ചൈനയിലെ കർഷക ദമ്പതികളായ ഫാൻ ഡെദുയോയും പെങ്ങുമാണ് ഈ വീഡിയോയ്ക്ക് പിന്നിൽ. മാനസീക സമ്മർദ്ദത്തെ അതിജീവിക്കാൻ സഹായിക്കുന്ന ഷഫിൾ ഡാൻസുമായാണ് ഇരുവരും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ലോകം മുഴുവൻ ഏറ്റെടുത്ത ഈ നൃത്ത രീതി ഇപ്പോൾ കേരളത്തിലും വൈറലായിക്കഴിഞ്ഞു.
അതേസമയം സോഷ്യൽ മീഡിയയിൽ ഹിറ്റായ ഈ ദമ്പതികളുടെ ഈ നൃത്ത വീഡിയോയ്ക്ക് പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്. ഒരിക്കൽ ഒരു അപകടത്തെ തുടർന്ന് ഉണ്ടായ ആഘാതത്തിൽ ഫാൻ ഡെദുയോ വിഷാദ രോഗത്തിന് അടിമപ്പെട്ടു. ഭർത്താവിനെ ഇതിൽ നിന്നും രക്ഷിച്ചെടുക്കുന്നതിനായി പെങ് നിരവധി ശ്രമങ്ങൾ നടത്തി. ഇതിനിടെയാണ് പെങ് ഷഫിൾ ഡാൻസിനെക്കുറിച്ച് അറിയുന്നത്. ഇതോടെ പെങ് ഈ നൃത്ത രീതി പഠിച്ചെടുത്തു. പിന്നീട് ഇത് ഫാനും പഠിച്ചു. ഇത് അദ്ദേഹത്തിൽ നല്ല രീതിയിലുള്ള മാറ്റങ്ങളും വരുത്തി. ഇതിനിടെയാണ് കൊറോണ വൈറസിന്റെ ആക്രമണം. ലോകം മുഴുവൻ സമർദ്ദത്തിലായ അവസരത്തിൽ ലോക ജനതയ്ക്ക് ആശ്വാസമാകുന്നതിനായി ഇരുവരും ചേർന്ന് ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവയ്ക്കുക ആയിരുന്നു. എന്തായാലും ലോകം മുഴുവൻ ഏറ്റെടുത്ത് കഴിഞ്ഞു ഈ നൃത്തരൂപത്തെ.
Story Highlights: shuffle dance helps overcome stress