വിജയ്‌ക്കൊപ്പം തമന്ന; എ ആർ മുരുഗദോസ് ചിത്രം ഉടൻ

August 28, 2020

തമിഴകത്തിന് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് എ ആർ മുരുഗദോസ്. എ ആർ മുരുഗദോസ്- വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളും തമിഴകത്ത് വൻ വിജയമായിരുന്നു. ഇപ്പോഴിതാ വീണ്ടും ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്തയാണ് ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ തമന്നയാണ് നായികയായി വേഷമിടുന്നത് എന്നാണ് സൂചന.

ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമാണ് തമന്നയും വിജയ്‍യും വെള്ളിത്തിരയിൽ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നത്. ‘സുര’യാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. അതേസമയം ഈ വർഷം അവസാനത്തോടെ ചിത്രം ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസ് വിജയ്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. ആക്ഷൻ എന്റർടൈനർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്.

Read also:കൊവിഡ് നാടുവാണീടും കാലം…; ശ്രദ്ധനേടി ഒരു ഓണപ്പാട്ട്

അതേസമയം വിജയ്‍യുടെതായി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രമാണ് മാസ്റ്റർ.‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയും വിജയ്‌ സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ.

മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. ഡൽഹിയിലും കർണാടകയിലും ചെന്നൈയിലുമായാണ് ചിത്രീകരണം നടക്കുന്നത്. അനിരുദ്ധ് രവിചന്ദർ നിർമിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കുന്നത്.

Story Highlights:Tamanah Vijay film soon