‘കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളിൽ നിന്ന് രണ്ടുദിവസം കൊണ്ട് ഞാൻ പഠിച്ചു’- ശ്രദ്ധ നേടി പ്രണവ് മോഹൻലാലിനെ കുറിച്ച് യുവാവ് പങ്കുവെച്ച കുറിപ്പ്
സിനിമകളേക്കാൾ യാത്രകളെ പ്രണയിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. ആദ്യ ചിത്രത്തിന്റെ റിലീസ് സമയത്ത് പ്രണവ് ഫോൺ പോലും കയ്യിൽ ഇല്ലാതെ ഹിമാലയൻ യാത്രയിലായിരുന്നു. താരപുത്രൻ എന്ന വിശേഷണം ഉപയോഗിക്കാത്ത, ലളിതമായ ജീവിതം നയിക്കുന്ന പ്രണവ് മോഹൻലാലിനെ കുറിച്ച് ആൽവിൻ ആന്റണി എന്ന യുവാവിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഒരു യാത്രയിൽ പ്രണവിനെ കണ്ടുമുട്ടിയ അനുഭവമാണ് ആൽവിൻ പങ്കുവയ്ക്കുന്നത്.
ആൽവിൻ ആന്റണിയുടെ കുറിപ്പ്;
ദേ, ഈ ഫോട്ടോയിൽ അറ്റത്തു ഇരിക്കുന്ന മുതലിനെ പറ്റി വർഷങ്ങൾക്ക് മുൻപേ എഴുതണം എന്ന് കരുതിയത് ഇപ്പോൾ കുറിക്കുന്നു. കർണാടകയിൽ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, ഓരോ സെമസ്റ്റർ എക്സാം കഴിയുമ്പോഴും ഒരു ഹംപി യാത്ര പതിവാക്കി. കാറിലാണ് യാത്ര പതിവുള്ളത്. ചെന്നാൽ സാധാരണ ഗോവൻ കോർണറിൽ (ഒരു കഫേ )ആണ് താമസം. ബാത്ത്റൂം അറ്റാച്ഡ് റൂം. 1000രൂപ ഒരു ദിവസം. അതിനു താഴെ 800 രൂപയുടെ മുറി. പക്ഷെ, കോമൺ ബാത്ത്റൂം. അതിനും താഴെ ആണെങ്കിൽ 300 രൂപക്ക് കഫേയുടെ സൈഡിൽ 6 അടി മണ്ണ് തരും. അവിടെ ഒരു ടെന്റ് കെട്ടി അതിൽ കിടന്നുറങ്ങാം. ബാത്ത്റൂം കോമൺ തന്നെ.
1000രൂപയുടെ എന്റെ മുറിയുടെ സൈഡിൽ ഇതുപോലെ ഒരുത്തൻ ടെന്റ് അടിച്ചു കിടപ്പുണ്ട്. ഉള്ളിൽ ചെറിയൊരു ജാഡയിട്ടു ഞാൻ റൂമിലേക്കു കയറും. ഇടക്ക് ഫുഡ് വാങ്ങാൻ പുറത്തിറങ്ങുമ്പോൾ ഞാൻ മനസ്സിൽകരുതും, പാവം പയ്യൻ എന്ന്. അങ്ങനെ ഇരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യൻ കോമൺ ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയി നേരെ ടെന്റിലേക്ക് കയറി. ഈശ്വരാ, ഇത് പ്രണവ് മോഹൻലാൽ ആണോ. ഓടി ചെന്ന് ചോദിച്ചു പ്രണവ് അല്ലേ? പുള്ളി ഇറങ്ങി വന്നു. അതെ ബ്രോ, പ്രണവ് ആണ്. പിന്നെ ഞാൻ എന്തൊക്കെയോ ചോദിച്ചു. എന്നെപ്പറ്റി പറയാതെ ഞാൻ ഇങ്ങേരെ കണ്ട സന്തോഷത്തിൽ റൂമിലേക്ക് കയറി. പുള്ളി എന്റെ പിന്നാലെ ഓടി വന്നു ചോദിച്ചു. ‘ബ്രോ, എന്താ പേര്.. ഞാൻ ചോദിക്കാൻ മറന്നു’ എന്ന്. ഒരുമിച്ച് ഒരു ചായയും കുടിച്ച് അന്നത്തെ ദിവസം തുടങ്ങി. രണ്ടു ദിവസം സത്യം പറഞ്ഞാൽ സിംപിൾ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന് ഞങ്ങൾ നോക്കി പഠിച്ചു. ഒരു തുള്ളി മദ്യമോ കഞ്ചാവോ മറ്റെന്തെങ്കിലും ലഹരിയോ അയാൾ ഉപയോഗിക്കുന്നത് ഞാൻ കണ്ടില്ല.
Read More: പ്രതിരോധ ശേഷി വർധിപ്പിക്കാൻ സാരിയുടുക്കാം; വൈറലായി ആയുർവേദ സാരി
ഹംപിയിലെ മലകളിൽ ഓടി കേറാനും വിദേശികളോട് സംസാരിച്ചിരിക്കാനും, ടെന്റിൽ ചെറിയ വെളിച്ചത്തിൽ പുസ്തകങ്ങൾ വായിക്കാനും, കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളിൽ നിന്ന് രണ്ടുദിവസം കൊണ്ട് ഞാൻ പഠിച്ചു. തിരിച്ചു പോരാൻ കാറിൽ കയറുമ്പോൾ ഞാൻ ചോദിച്ചു. വീട്ടിലേക് എങ്ങിനെ പോവും? ചിരിച്ചു കൊണ്ട് പുള്ളി പറഞ്ഞു. കുഴപ്പമില്ല ബ്രോ, ഇവിടെ നിന്നും ബസ് സിറ്റിയിലേക്ക് ഉണ്ട്. പിന്നെ ട്രെയിൻ കിട്ടിയിട്ടില്ല. എങ്ങനെങ്കിലും പോവും എന്ന്. എനിക്കുറപ്പായിരുന്നു അയാൾ ടിക്കറ്റ് കിട്ടിയില്ലെങ്കിലും ലോക്കൽ കമ്പാർട്മെന്റിൽ കേറി ചെന്നൈയിൽ എത്തും എന്ന്. ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്ത് ഞാൻ പിരിഞ്ഞു. കഫേയിലെ ഹിന്ദിക്കാരി ഓണർ ആന്റി എന്നോട് പറഞ്ഞത് ഞാൻ ഓർത്തു…”ആൽവിൻ, അതാണ് കേരള സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ മകൻ..ഇയാൾ ഇടക്ക് ഇവടെ വരും. ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, അഭിഷേക് ബച്ചനെ പോലെ ഉള്ളവർ പ്രണവിനെ ഒന്ന് കാണണം” ഡൈ ഹാർഡ് മമ്മൂട്ടി ഫാൻ ആയ ഞാൻ ഇത് പോലെ ഒരു മകനെ വളർത്തിയതിൽ മോഹൻലാലിന് മനസിൽ കയ്യടിച്ചു.
Story highlights- viral facebook post about pranav mohanlal