എലിസബത്ത് രാജ്ഞിയുടെ രാജകീയ ജീവിതം അടുത്തറിയാൻ പുഷ്‌പോദ്യാനം 40 വർഷങ്ങൾക്ക് ശേഷം ജനങ്ങൾക്കായി തുറക്കുന്നു

August 8, 2020

സാധാരണക്കാർക്ക് എന്നും അപ്രാപ്യമായൊരു ജീവിതമാണ് രാജകുടുംബങ്ങളുടേത്. ഒരിയ്ക്കലെങ്കിലും രാജകീയ ജീവിതം എങ്ങനെയാണെന്ന് അടുത്തറിയാൻ ആഗ്രഹിക്കാത്തവരും ഉണ്ടാകില്ല. അങ്ങനെയുള്ളവർക്ക് ഒരു അവസരമൊരുക്കിയിരിക്കുകയാണ് എലിസബത്ത് രാജ്ഞി. ഇംഗ്ലണ്ടിലുള്ള വിൻഡ്‌സർ കോട്ടയിലെ ഏക്കറുകൾ പരന്നുകിടക്കുന്ന പുഷ്പോദ്യാനം സാധാരണക്കാർക്കായി തുറന്നുകൊടുക്കുകയാണ് രാജ്ഞി.

40 വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു നടപടി രാജകുടുംബം സ്വീകരിക്കുന്നത്. കൊട്ടാരത്തിന്റെ ഔദ്യോഗിക പേജുകളിലെല്ലാം ഉദ്യാനത്തിന്റെ ചിത്രങ്ങളും തുറന്നു കൊടുക്കാൻ തീരുമാനിച്ചതായും പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടിയായ ബെർക്‌ഷെയറിലെ ഈ കൊട്ടാരത്തിലാണ് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ലോക്ക് ഡൗൺ കാലത്ത് കഴിഞ്ഞത്. പിന്നീട് ബൽമോറൽ കോട്ടയിലേക്ക് താമസം മാറുകയായിരുന്നു.

വിൻഡ്‌സർ കോട്ടയിൽ നിന്നും ബൽമോറൽ കോട്ടയിലേക്ക് താമസം മാറുന്ന സമയത്താണ് കോട്ടയിലെ ഉദ്യാനം ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ രാജ്ഞി തീരുമാനിക്കുന്നത്. ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ വാരാന്ത്യങ്ങളിലാണ് ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

Read More: ‘ഇനിയൊരു വലിയ കൊവിഡ്‌ ദുരന്തം കൂടി വേണ്ട നമുക്ക്‌; പ്രിയപ്പെട്ട രക്ഷാപ്രവർത്തകരോട്‌ ഒന്നേ പറയാനുള്ളൂ’- നിർദേശങ്ങളുമായി ഡോക്ടറുടെ കുറിപ്പ്

രണ്ടു വർഷം കൊണ്ടാണ് ഈ ചരിത്രപരമായ ഉദ്യാനം നിർമിച്ചത്. കിംഗ് ജോർജ് നാലാമനാണ് ഈ ഉദ്യാനം കമ്മീഷൻ ചെയ്തത്. 1824 മുതൽ 1826 വരെയുള്ള കാലയളവിലാണ് ഉദ്യാനത്തിന്റെ പണികൾ നടന്നത്. പിന്നീട് 34 ഓറഞ്ച് മരങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചു. 1603ൽ ഫ്രഞ്ച് ശിൽപിയായ ഹ്യൂബർട്ട് ലീ നിർമിച്ച നാല് ഒട്ടു പ്രതിമകളും ഇവിടെയുണ്ട്. മാത്രമല്ല, അദ്ദേഹം തന്നെ ഉദ്യാനത്തിന് നടുവിലായി താമരയുടെ ആകൃതിയിൽ മനോഹരമായൊരു ജലധാരയും നിർമ്മിച്ചിട്ടുണ്ട്. 3500 ലധികം റോസാ പുഷ്പങ്ങളാണ് ഈ ഉദ്യാനത്തിന്റെ ആകർഷണം.

Story highlights-Windsor castle garden opens to the public after 40 years