ഇരുപത്തിയെട്ടു വർഷങ്ങൾക്ക് മുൻപ് പാർവതിയെ സ്വന്തമാക്കിയ ഈ ദിവസം- വിവാഹചിത്രം പങ്കുവെച്ച് ജയറാം; ആശംസകളറിയിച്ച് കാളിദാസ്

September 7, 2020

ഇരുപത്തിയെട്ടു വർഷങ്ങൾക്ക് മുൻപ് പാർവതിയെ സ്വന്തമാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ ജയറാം. മലയാള സിനിമ കണ്ട ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു ജയറാമിന്റെയും പാർവതിയുടെയും. മലയാളികളുടെ ഹൃദയം കവർന്ന വിടർന്ന കണ്ണുകളുള്ള പാർവതിയും കുറുമ്പും കുസൃതിയുമായി ചിരി പടർത്തിയ ജയറാമും വിവാഹിതരായിട്ട് ഇരുപത്തിയെട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വിവാഹ ചിത്രത്തിനൊപ്പമാണ് ജയറാം സന്തോഷം പങ്കുവെച്ചത്.

അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് കാളിദാസ് ജയറാമും ചിത്രം പങ്കുവെച്ചിട്ടുണ്ട്. സിനിമയിലും ജീവിതത്തിലും മലയാളികളുടെ പ്രിയ ജോഡിയായി തുടരുന്ന ജയറാമിനും പാർവതിക്കും ആശംസകൾ അറിയിച്ച് ആരാധകരുമെത്തി.

അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്. പാർവതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അപരന്റെ സെറ്റിൽ വെച്ചായിരുന്നു. അതിനുമുൻപ് തന്നെ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു പാർവതി. അപരൻ പാർവതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത അപരൻ 32 വർഷങ്ങൾ പൂർത്തിയാക്കിയപ്പോൾ ജയറാം പങ്കുവെച്ച കുറിപ്പിലും പാർവതിയുമായുള്ള ആദ്യ കൂടികാഴ്ചയെക്കുറിച്ചുണ്ടായിരുന്നു.

പിന്നീട് നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ജയറാമും പാർവതിയും 1992ലാണ് വിവാഹിതരായത്. ആറു വര്ഷം മാത്രമേ പാർവതി വെള്ളിത്തിരയിൽ സജീവമായിരുന്നുള്ളുവെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട നടിയാണ് താരം. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയപ്പോൾ മകൾ മാളവിക മോഡലിംഗ് രംഗത്താണ് സജീവമാകുന്നത്.

Story highlights- 28th wedding anniversary of jayaram and parvathy