അല്‍ഫോന്‍സ് പുത്രന്റെ ‘പാട്ട്’-ല്‍ നായകനാകാന്‍ ഫഹദ്

September 5, 2020
Alphonse Puthran new movie Fahadh Faasil

ഒരു നോട്ടം കൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. പാട്ട് എന്നാണ് സിനിമയുടെ പേര്. അല്‍ഫോന്‍സ് പുത്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതും അല്‍ഫോന്‍സ് പുത്രനായിരിക്കും. അതേസമയം ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് നിര്‍മാണം.

‘എന്റെ അടുത്ത സിനിമയുടെ പേര് ”പാട്ട്” എന്നാണ്. ഫഹദ് ഫാസില്‍ ആണ് നായകന്‍. സിനിമ നിര്‍മ്മിക്കുന്നത് UGM Entertainments ( സക്കറിയ തോമസ് & ആല്‍വിന്‍ ആന്റണി ) . മലയാള സിനിമയാണ്. ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും. അഭിനയിക്കുന്നവരെയും പിന്നണിയില്‍ പ്രവൃത്തിക്കുന്നവരെ കുറിച്ചും അപ്‌ഡേറ്റ് ചെയ്യുന്നതാണ്.’ പുതിയ ചിത്രത്തെക്കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സി യു സൂണ്‍ ആണ് ഫഹദിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ഫഹദിനൊപ്പം റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. അതേസമയം 90 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രമാണ് സി യു സൂണ്‍. പൂര്‍ണ്ണമായും മൊബൈലിലാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

Story highlights: Alphonse Puthran new movie Fahadh Faasil