പതിനെട്ടിന്റെ പകിട്ടിൽ അനശ്വര രാജൻ; പിറന്നാൾ ആഘോഷിച്ച് പ്രിയനടി
പതിനെട്ടാം പിറന്നാളിന്റെ നിറവിലാണ് നടി അനശ്വര രാജൻ. ‘ബർത്ത്ഡേ പ്രിൻസസ്’ എന്നെഴുതിയ ഉടുപ്പുമണിഞ്ഞ് ആഘോഷചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഐമ റോസ്മി, നയന തുടങ്ങി നിരവധി താരങ്ങൾ അനശ്വരക്ക് ആശംസ അറിയിച്ചു. അനശ്വരയുടെ ആദ്യ നായകനായ മാത്യൂസും നായികയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തി.
ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് അനശ്വര രാജൻ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രമാണ് അനശ്വരയെ പ്രേക്ഷക പ്രിയങ്കരിയാക്കി മാറ്റിയത്. പ്ലസ് ടു പ്രണയവും സ്കൂൾ ദിനങ്ങളും പങ്കുവെച്ച ചിത്രം സൂപ്പർഹിറ്റായി മാറിയിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലാണ് മാത്യൂസ് അനശ്വരയുടെ നായകനായി എത്തിയത്.
തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം നിരവധി ആദ്യരാത്രി, വാങ്ക് എന്നീ ചിത്രങ്ങളിലും നായികയായി അനശ്വര വേഷമിട്ടു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വാങ്ക് റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകൻ ഗിരീഷ് ഒരുക്കുന്ന ‘സൂപ്പർ ശരണ്യ’യാണ് അനശ്വരയുടെ വരാനിരിക്കുന്ന ചിത്രം. അർജുൻ അശോകനാണ് ചിത്രത്തിൽ അനശ്വരയുടെ നായകൻ. അതേസമയം, തമിഴ് സിനിമയിലേക്കും അനശ്വര ചുവടുവെച്ചുകഴിഞ്ഞു.
Read More: ‘അങ്ങനെ ഞാൻ അവതാർ ആയി’- രസകരമായ ചിത്രം പങ്കുവെച്ച് മാധവൻ
തൃഷ നായികയാവുന്ന ‘രാങ്കി’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര തമിഴിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. തൃഷയ്ക്കൊപ്പമുള്ള അനശ്വരയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എ.ആര് മുരുഗദോസ് തിരക്കഥയൊരുക്കുന്ന രാങ്കി ആക്ഷന് ത്രില്ലർ വിഭാഗത്തിലുള്ളതാണ്. എങ്കെയും എപ്പോതും, ഇവൻ വേറ മാതിരി തുടങ്ങിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ എം ശരവണനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ തീയറ്ററിലെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ.
Story highlights- anaswara rajan celebrating her 18th birthday