വിലപ്പെട്ട സമ്മാനങ്ങൾ ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക് അയക്കുന്ന വിദേശികൾ; തട്ടിപ്പിന്റെ പുതിയ മാർഗം കയ്യോടെ പിടിച്ച് മലയാളി യുവാവ്- അനുഭവ കുറിപ്പ് വൈറൽ

September 12, 2020

പലതരം തട്ടിപ്പുകൾ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. എത്രപേർ കെണിയിൽ പെട്ടാലും വീണ്ടും അതേ ചതികുഴിയിലേക്ക് ആളുകൾ വീഴുന്നത് സ്ഥിരം കാഴ്ചയാണ്. ഇപ്പോൾ ഫേസ്ബുക്ക് വഴി നടക്കുന്ന ഒരു ഇന്റർനാഷണൽ തട്ടിപ്പ് ആളുകളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് റിയാസ് എന്ന മലയാളി യുവാവ്. വിദേശത്തുനിന്നും ആരംഭിക്കുന്ന സൗഹൃദ തട്ടിപ്പ് ഇന്ത്യയിൽ നിന്നുള്ള കോളിലാണ് അവസാനിക്കുന്നത്. സ്വന്തം അനുഭവമാണ് റിയാസ് പങ്കുവയ്ക്കുന്നത്. സമാനമായ അനുഭവം ഉണ്ടായ പലരും റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റ്റ് ചെയ്തതോടെ ഇതൊരു ആസൂത്രിത തട്ടിപ്പ് ആണെന്ന് വ്യക്തമാകുകയാണ്.

റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ആ മദാമ്മയുമായി ആശയവിനിമയം നടത്താൻ എനിക്ക് സഹായമായത് ഗൂഗിളിന്റെ ഓരോ ആപ്പുകളാണ് കേട്ടോ.. അവൾ വിടുന്ന മെസേജ് മലയാളത്തിലാക്കാനും ഞാൻ എഴുതുന്ന മലയാളം ഇംഗ്ലീഷിൽ ആക്കാനും ആപ്പുകൾ ഉള്ളതുകൊണ്ട് ഏത് രാജ്യത്തുള്ളവരുമായി ആശയവിനിമയം നടത്താമല്ലോ.. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ മദാമ്മ എന്റെ വാട്സാപ്പ് നമ്പർ ചോദിച്ചു ഞാൻ കൊടുത്തു.. പിന്നീട് വാട്സാപ്പിലൂടെയായി സൗഹൃദം പങ്കുവെക്കൽ.. അവളുടെ ഫാമിലിയെ കുറിച്ച് വാതോരാതെ സംസാരിച്ചു.. അവളുടെ ഭർത്താവ് പൈലറ്റ് ആയിരുന്നു. ഒരു വിമാനാപകടത്തിൽ 4 വർഷം മുൻപ് മരിച്ചു.. 10 വയസുള്ള ഒരു മകനുണ്ട്.. പിന്നെ അച്ഛൻ ഡോക്ടർ, അമ്മ ലെക്ച്ചർ, ബ്രദർ പൈലറ്റ്, അവരുടെയൊക്കെ വിവിധ തരത്തിലുള്ള ഫോട്ടോകളും അയച്ചുതന്നു. എന്റെ ഫാമിലിയെക്കുറിച്ചും ഒത്തിരി സംസാരിച്ചു.

അങ്ങനെ ഇന്നലെ രാവിലെ അവൾ പറഞ്ഞു എന്റെ മകന്റെ പത്താമത്തെ ബർത്ത്ഡേയാണ് നാളെ അതുകൊണ്ട് നിനക്ക് ഒരു സർപ്രൈസ് ഉണ്ട് വൈകുന്നേരം പറയാം.. എന്റെ ഫുൾ അഡ്രസ്സ് അവൾക്ക് വേണം. കൊറിയറിൽ ഇങ്ങോട്ട് അയക്കാനാണ് എന്ന്.. അപ്പോൾ ഞാൻ വിചാരിച്ചത് എന്തോ ചെറിയ ഗിഫ്റ്റ് മറ്റോ ആയിരിക്കും എന്നാണ്.. ഞാൻ അഡ്രസ്സ് കൊടുക്കുകയും ചെയ്തു.. വൈകുന്നേരം ആറുമണിയോട് കൂടി അവൾ വാട്സാപ്പിൽ വന്നു.. ഇവിടെ കിട്ടാവുന്ന രീതിയിൽ എനിക്ക് വേണ്ടി ഗിഫ്റ്റ് എയർ കാർഗോയിൽ അയച്ചിട്ടുണ്ടെന്നും അതിന്റെ എല്ലാ എവിഡൻസും എന്തിന്, എയർ കാർഗോയുടെ എന്റെ അഡ്രസ്സിലുള്ള ഒറിജിനലിനെ വെല്ലുന്ന ബില്ലും പാർസൽ ചെയ്ത ബോക്‌സും അതിൽ അയച്ചിട്ടുള്ള സാധനങ്ങളുടെ ഫോട്ടോയും അയച്ചു തന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി..

916ന്റെ രണ്ട് അടിപൊളി സ്വർണ ചെയിൻ, 916ന്റെ ബ്രെസ്‌ലെറ്റ്, റോളക്‌സിന്റെ രണ്ട് കിടിലൻ വാച്ച്, ഒരു ഐഫോൺ 6, ആപ്പിളിന്റെ ലാപ്ടോപ്, അടിപൊളി സ്പ്രേ, പിന്നെ ഒരു കവറിൽ 55000 പൗണ്ട് എന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി… ഇതൊക്കെ കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി.. ആ പാർസൽ എനിക്ക് അയച്ചതിന്റെ എല്ലാ തെളിവും കോണ്ടാക്റ്റ് ചെയ്യേണ്ട പാർസൽ ബിൽ നമ്പറും അയച്ച കമ്പനിയുടെ ലിങ്കും എല്ലാം എനിക്ക് വാട്സാപ്പിൽ അയച്ചുതന്നു.. അപ്പോൾ തന്നെ എനിക്ക് ഉറപ്പായി ഇത് പറ്റിക്കലാണ്.. പക്ഷെ സംശയിക്കാനുള്ള ഒരു പഴുതും തരാതെ ഇതെങ്ങനെ.. ഈ ഗിഫ്റ്റ് എന്റെ കയ്യിൽ കിട്ടാതെ അവൾക്ക് സമാധാനം ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് തുരുതുരെ മെസ്സേജ്.. എവിടെയും സംശയത്തിന്റെ നിഴൽ പോലും അവൾ തരുന്നില്ല..

ഒന്നുകിൽ അവൾക്ക് വട്ട്.. അല്ലെങ്കിൽ നമ്പർ വൺ ചീറ്റിംഗ്.. പക്ഷേ എങ്ങനെ..പാർസൽ എയർ കാർഗോയിൽ വിട്ടതിന്റെ എല്ലാ തെളിവും അവൾ തന്നിട്ടുണ്ട്.. എന്തായാലും ശ്രദ്ധയോടെ കാത്തിരിക്കുക എന്ന് ഞാൻ തീരുമാനിച്ചു.. ഏകദേശം 9 മണിയോടെ അവൾ അടുത്ത നമ്പർ ഇറക്കിയപ്പോൾ എനിക്ക് ബോധ്യമായി എത്ര നാടകീയമായാണ് അവൾ ചീറ്റിംഗ് നടത്താൻ പ്ലാൻ ചെയ്തതെന്ന്.. “ഡാർലിംഗ് എന്നോട് ക്ഷമിക്കണം. ഇത്രയും വിലപ്പെട്ട സമ്മാനം നിങ്ങൾക്ക് ഞാൻ അയച്ചിട്ട് അത് നിങ്ങളുടെ കയ്യിലെത്താൻ നമ്മുടെ രാജ്യങ്ങളുടെ പോരായ്മകൾകൊണ്ട് ചെറിയൊരു തടസ്സമുണ്ട്.. ഈ പാർസൽ അവിടെ എത്തുമ്പോൾ ആ പാർസൽ കമ്പനിയിൽ കുറച്ച് പൈസ അത് കൈപ്പറ്റുന്ന ആൾ അടക്കണം.. അത് ഞാൻ തന്നെ ഇവിടെ അടക്കാമെന്നു അപേക്ഷിച്ചിട്ടും നിയമം അതിന് അനുവദിക്കുന്നില്ല.. അതുകൊണ്ട് നിങ്ങൾ ദയവുചെയ്ത് ആ പണം അവിടെ കെട്ടണം..”

ഈ മെസ്സേജ് വായിച്ചപ്പോൾ ഞാൻ ചിരിച്ചുപോയി.. ഇവൾ രാജസ്ഥാൻ മരുഭൂമിയിലേക്കാണല്ലോ മണൽ കയറ്റി അയക്കുന്നത്.. ഹഹഹ.. ഞാൻ ഇത് എവിടംവരെ പോകുമെന്നറിയാൻ ചോദിച്ചു എത്ര പൈസ വേണ്ടിവരും.. അപ്പോൾ ഒരു ബില്ല് അയച്ചുതന്നു 38600 രൂപ.. ഞാൻ പറഞ്ഞു എന്റെ കയ്യിൽ പൈസയില്ല മാത്രമല്ല ഇത്രയും വിലപ്പെട്ട സമ്മാനം എനിക്ക് വേണ്ട.. അതിനാൽ അത് തിരിച്ച് വാങ്ങിക്കോ എന്ന്..
ഓ ഗോഡ് അത് കൊണ്ടുവരുന്ന ഫ്ലൈറ്റ് ഇവിടുന്ന് പുറപ്പെട്ടു ഇനി ഒന്നും ചെയ്യാൻ കഴിയില്ല.. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുടെ കയ്യിൽ നിന്നും താൽക്കാലികമായി കടം വാങ്ങൂ.. പാർസൽ കയ്യിൽ കിട്ടിയ ഉടനെ അതിലെ കവറിലുള്ള 55000 പൗണ്ട് മാറിയിട്ട് ആ കടം വീട്ടിയാൽ മതി.. ഔ.. എത്ര നല്ല ഉപദേശം..
ഞാൻ ഉടനെ എന്റെ ഒരു സുഹൃത്തിനെ വിളിച്ചുവരുത്തി അവന് കാണിച്ചുകൊടുത്തു.. അവനും പറഞ്ഞു സംശയിക്കേണ്ട ഒരു അവസരവും ഇവൾ ഇതിൽ തന്നിട്ടില്ല.. എന്നാലും ഇത്രയും വിലപിടിപ്പുള്ള ഗിഫ്റ്റ് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല നാളെ ആരെങ്കിലും ബന്ധപ്പെടുമ്പോൾ അറിയാമല്ലോ എന്ന്..
അങ്ങനെ ഇത് എവിടംവരെ പോകുമെന്ന് അറിയാൻ അവളോട് ഗുഡ് നൈറ്റും പറഞ്ഞ് സുഖമായി കിടന്നുറങ്ങി..

പിന്നീട് ഇന്ന് രാവിലെ ഏകദേശം 10 മണി ആയപ്പോൾ എനിക്ക് ഒരു ഫോൺകാൾ വന്നു.. ഹിന്ദിയിൽ ഒരു പെണ്ണ്.. നിങ്ങൾക്കുള്ള ഒരു കൊറിയർ ഇംഗ്ലണ്ടിൽ നിന്നും വന്നിട്ടുണ്ട് ക്യാഷ് റെഡിയിലുണ്ടോ എന്നും ചോദിച്ച്.. എനിക്ക് ഹിന്ദിയുടെ ഒരു എബിസിഡി യും അറിയില്ലെങ്കിലും ഇംഗ്ലണ്ട്, കൊറിയർ, ക്യാഷ് എന്നതൊക്കെ മനസ്സിലായപ്പോൾ വിഷയം മേല്പറഞ്ഞതാണെന്ന് മനസിലായി.. ഇങ്ങനെ ഒരു കാൾ വന്നാൽ അങ്ങോട്ട്‌ പറയാൻ ഞാൻ ഒരു വാക്ക് ഇന്നലെ മുതൽ പഠിച്ചു വച്ചിരുന്നു.. ‘ക്യാഷ് റെഡി പക്ഷേ ഒൺലി ബൈ ഹാൻഡ്’ എന്ന്.. ക്യാഷ് റെഡി എന്ന് പറഞ്ഞപ്പോൾ അവൾ അക്കൗണ്ട് നമ്പർ അയച്ചു തരാമെന്ന്.. അപ്പോൾ ഞാൻ പറഞ്ഞു സോറി ക്യാഷ് ഒൺലിബൈ ഹാൻഡ് എന്ന്.. അവൾ രണ്ടു മൂന്നു തവണ ‘നോ… ക്യാഷ് അക്കൗണ്ട് വഴി’ എന്ന് പറഞ്ഞപ്പോൾ ഞാൻ 4-5 തവണ അങ്ങോട്ട്‌ കടുപ്പത്തിൽ പറഞ്ഞു ഒൺലി ബൈ ഹാൻഡ്. അവൾക്ക് മനസിലായി ഇത് ഒരു നടക്കും വേവൂല എന്ന്. ഉടനെ അവൾ കാൾ കട്ട് ചെയ്തു..
ഉടനെ വന്നു നമ്മുടെ മദാമ്മയുടെ വാട്സാപ്പ് സന്ദേശം.. പാർസൽ നാട്ടിൽ എത്തിയെന്ന് അവൾക്ക് മെയിൽ വന്നിട്ടുണ്ട്.. എത്രയും വേഗം 38600 രൂപ അയച്ചുകൊടുത്താൽ അത് പാർസൽ കമ്പനി എന്റെ വീട്ടിൽ എത്തിക്കും..

അതിലുള്ളത് മുഴുവൻ വിലപ്പെട്ടതാണ് അത് നഷ്ടപ്പെടാൻ പാടില്ല.. അതുകൊണ്ട് എത്രയും പെട്ടന്ന് കൈപ്പറ്റണം എന്ന്.. അവളോട്‌ ഞാൻ മറ്റൊന്ന് പറഞ്ഞു.. എനിക്ക് പൈസ ഇതുവരെയും റെഡിയായിട്ടില്ല.. നീ ഒരു സഹായം ചെയ്തു തരുമോ.. ഇത്രയും വിലപ്പെട്ട ഗിഫ്റ്റ് നീ അയച്ചതിൽ ഞാൻ സന്തോഷിക്കുന്നു.. അത് കൈപ്പറ്റാൻ എനിക്ക് ഒരു മാർഗവുമില്ല അതുകൊണ്ട് ആ 38600 രൂപ നീ എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തരുമോ. ആ ഗിഫ്റ്റ് കിട്ടിയ ഉടനെ ഞാൻ അതിലുള്ള 55000 പൗണ്ട് മാറിയിട്ട് ഇന്നുതന്നെ നിന്റെ അക്കൗണ്ടിലേക്ക് തിരികെ അയച്ചുതരാം… ഹ ഹ ഹ.. ആ മെസ്സേജ് വായിച്ചയുടൻ എന്നെ 2 തെറിയും വിളിച്ച് പോയതാ ആ മദാമ്മ.. പിന്നെ ഇതുവരെയും ഒരു വിവരവും ഇല്ല.. ഇപ്പോൾ നോക്കുമ്പോൾ ആ Maria Smith എന്ന ഫേസ്ബുക്ക് കിട്ടുന്നുമില്ല. എന്നെ ബ്ലോക്ക്‌ ചെയ്‌തെന്ന് തോന്നുന്നു..

NB: ഇത്തരത്തിലുള്ള പലതരം ചീറ്റിംഗിനെ കുറിച്ച് വ്യക്തമായ അറിവുള്ളതുകൊണ്ട് ഞാൻ ഐഡിയപരമായി അവരെ പൊളിച്ചടക്കി.. ദിനംപ്രതിയുള്ള വാർത്തകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് വിദ്യാസമ്പന്നരായ നമ്മുടെ നാട്ടിലെ പലരും ഇത്തരം തട്ടിപ്പിന് ഇരയാകാറുണ്ട് എന്നാണ്.. പലരും നാണക്കേട് കാരണം പരാതി കൊടുക്കാനോ മറ്റാളുകളോട് പറയാനോ മിനക്കെടാറില്ല..ഇന്ന് എനിക്ക് വന്നതുപോലെ നാളെ നിങ്ങളെ തേടിയും വരാം. ആരും അവരുടെ മോഹന വാഗ്ദാനങ്ങളിൽ മയങ്ങി വഞ്ചിതരാകാതിരിക്കുക..

Story highlights- cheating through social media