‘വർഷങ്ങളായി നിങ്ങൾ പ്രേക്ഷകരെ ആകർഷിക്കുന്നത് തുടരട്ടെ. മമ്മൂക്കയുടെ സഹപ്രവർത്തകനായതിൽ അഭിമാനം’- ജന്മദിനം ആശംസിച്ച് ചിരഞ്ജീവി

September 7, 2020

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷങ്ങളും ആശംസകളുമെല്ലാം മലയാള സിനിമയിൽ മാത്രം ഒതുങ്ങുന്നില്ല. ദേശീയ തലത്തിൽ ശ്രദ്ധേയ സാന്നിധ്യമായ മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേർന്നിരിക്കുകയാണ് തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി. വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള മമ്മൂട്ടി ഭാഷയുടെ അതിർവരമ്പുകളില്ലാതെ സൗഹൃദം കാത്തുസൂക്ഷിക്കാനും ശ്രമിക്കാറുണ്ട്. വര്ഷങ്ങളായി പ്രേക്ഷകരെ ആകർഷിക്കുന്നത് ഇനിയും തുടരട്ടെ എന്നാണ് ചിരഞ്ജീവി കുറിക്കുന്നത്.

‘ജന്മദിനാശംസകൾ മമ്മൂക്ക. സിനിമാ മേഖലയിൽ നിങ്ങളുടെ സഹപ്രവർത്തകനായിരിക്കുന്നതിൽ അഭിമാനിക്കുന്നു. വർഷങ്ങളായുള്ള മമ്മൂക്കയുടെ അഭിനയം സിനിമാപ്രേമികൾക്ക് ഒരു നിധിയാണ്. നിരവധി വർഷങ്ങളായി നിങ്ങൾ പ്രേക്ഷകരെ ആകർഷിക്കുന്നത് തുടരട്ടെ. ജന്മദിനാശംസകൾ’ ചിരഞ്ജീവി കുറിക്കുന്നു.

ലോക്ക് ഡൗൺ സമയത്ത് ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള സിനിമാ പ്രവർത്തകർ വീടുകളിൽ തന്നെ കഴിഞ്ഞുകൊണ്ട് ഒരു കൊവിഡ് ബോധവൽക്കരണ വീഡിയോ ഒരുക്കിയിരുന്നു. ചിരഞ്ജീവിയും മമ്മൂട്ടിയുമെല്ലാം വീഡിയോയുടെ ഭാഗമായിരുന്നു. മാത്രമല്ല, ചിരഞ്ജീവിക്ക് മമ്മൂട്ടിയുമായുള്ള ആത്മബന്ധം സിനിമാ ലോകത്ത് പ്രസിദ്ധമാണ്. 1994 മുതൽ തുടർച്ചയായി പരാജയങ്ങളായിരുന്നു ചിരഞ്ജീവിയെ തേടിയെത്തിയത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ റീമേക്ക് പരീക്ഷണങ്ങൾ നടത്തിയെങ്കിലും അതെല്ലാം ബോക്സ് ഓഫീസിൽ പരാജയമായി. ഇതോടെ രണ്ടു വർഷത്തോളം സിനിമയിൽ നിന്നും മാറിനിന്ന ചിരഞ്ജീവി തിരിച്ചുവരവ് നടത്തിയത് മമ്മൂട്ടിയുടെ ഹിറ്റ്ലർ എന്ന ഹിറ്റ് ചിത്രത്തിന്റെ റീമേക്കിലൂടെയായിരുന്നു.

Read More: ‘ഇതൊരു വൈകാരിക യാത്രയാണ്. ഇത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹമാണ്’- പുതിയ സംരംഭത്തിന് തുടക്കമിട്ട് സാമന്ത

1997ന് തിയേറ്ററിലെത്തിയ ചിത്രം പ്രതീക്ഷകൾക്കനുസരിച്ച് ബോക്സോഫീസ് ഹിറ്റായി മാറി. അന്നുമുതൽ മമ്മൂട്ടിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് ചിരഞ്ജീവി. മമ്മൂട്ടിയുടെ അറുപത്തിയൊൻപതാം പിറന്നാളിന് ചിരഞ്ജീവിയുടെ ആശംസയെത്തിയതോടെ ആരാധകരും ആവേശത്തിലാണ്.

Story highlights- chiranjeevi wishes mammootty